കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ലയും വീണ്ടും നിപയും സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതാനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ഇന്നലെത്തന്നെ ക്വാറന്റൈന് ചെയ്തിരുന്നു. പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.മുരളീധരന് അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. വാര്‍ഡിന് സമീപം കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സമീപത്തെ പാര്‍ക്കിങ് ഉള്‍പ്പടെ പൂര്‍ണമായും നിരോധിച്ചതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പടെ പ്രധാന ഗെയ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക വലുതാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് ഇന്നലെ പറഞ്ഞിരുന്നു. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ പനി വന്ന് മാറിയ ആളാണ് യുവാവെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളയാള്‍ ഒരു ഗോഡൗണ്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്.
നിലവില്‍ ഹൈ റിസ്ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും അതീവജാഗ്രതവേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. കുട്ടികളുമായി അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദര്‍ശനവും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.