തീവണ്ടികളില്‍ ഇനി വിത്തൗട്ട്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും ഇനി പഞ്ചസാര ഇല്ലാത്ത ചായയും, കാപ്പിയും ഉറപ്പ്.ഇത് സംബന്ധിച്ച് റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ഉത്തരവു പുറപ്പെടുവിച്ചു. പഞ്ചസാര ഇല്ലാത്ത ചായയും, കാപ്പിയും ട്രയിനിലും സ്റ്റേഷനിലും കിട്ടുന്നില്ലെന്ന പരാതിയിലാണ് നടപടി. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും, ട്രെയിനുകളിലെ കാറ്ററിങ് യൂണിറ്റുകളിലും പഞ്ചസാര ഇല്ലാത്ത ചായയും, കാപ്പിയും നിര്‍ബന്ധമായും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് റെയില്‍വേ അതോറിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍കൂട്ടി പഞ്ചസാര ചേര്‍ത്ത് തയ്യാറാക്കിവെക്കുന്ന ചായയും, കാപ്പിയുമാണ് ഭൂരിഭാഗവും വിതരണം ചെയ്യുന്നത്.