ആരോപണങ്ങള്‍ ഏശിയില്ല; രാജു അപ്സര വീണ്ടും പ്രസിഡണ്ട്

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മേച്ചേരി വിഭാഗത്തിന്‍റെ എല്ലാകണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് രാജു അപ്സര എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് വീണ്ടും പ്രസിഡണ്ടായി. എന്നാല്‍ എതിര്‍വിഭാഗത്തെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ച് രാജുഅപ്സരവിഭാഗം വിശാലമനസ്കത കാണിച്ചു. സംസ്ഥാന സെക്രട്ടറിയായിരുന്ന ദേവസ്യ മേച്ചേരിക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കി. മേച്ചേരി വിഭാഗക്കാരനായ കാസര്‍കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന അഹമ്മദ്ഷെരീഫിനെ സെക്രട്ടറിയാക്കി. മറ്റ് ഭാരവാഹികള്‍: എസ്.ദേവരാജന്‍(ജനറല്‍ സെക്രട്ടറി), പി.കെ.ബാപ്പുഹാജി(വര്‍ക്കിംഗ് പ്രസിഡണ്ട്), എ.ജെ.ഷാജഹാന്‍, സി.ധനീഷ് ചന്ദ്രന്‍, ജോജിന്‍ ടി ജോയ്, സണ്ണി പൈമ്പള്ളില്‍, പി.കുഞ്ഞാവുഹാജി, കെ.വി.അബ്ദുള്‍ഹമീദ്, ബാബു കോട്ടയില്‍(വൈസ് പ്രസിഡണ്ടുമാര്‍), എം.കെ.തോമസ്കുട്ടി, വൈ. വിജയന്‍, വി.സബില്‍രാജ്, സലീംരാമനാട്ടുകര, ജിമ്മിചക്കിയത്ത്(സെക്രട്ടറിമാര്‍), പി.സി.ജേക്കബ്ബ്(ട്രഷറര്‍). തിരുവനന്തപുരത്തെ വ്യാപാരഭവന്‍റെ ഉദ്ഘാടന ഫലകം നീക്കിയെന്നും അപ്സര വിഭാഗം ഏകാധിപത്യ പ്രവണതയോടെ പെരുമാറുന്നു എന്നതടക്കമുള്ള മേച്ചേരി വിഭാഗത്തിന്‍റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും വോട്ടര്‍മാരുടെ ഇടയില്‍ ഏശിയില്ല. അമ്പതിനും നൂറിനും ഇടയില്‍ വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു മേച്ചേരി വിഭാഗത്തിന്‍റെ കണക്കുകൂട്ടല്‍. വാഗ്ദാനത്തിന് വിരുദ്ധമായി പലരും കാലുവാരിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.