വാടകയ്ക്കെടുത്ത കാറുകള്‍ മറിച്ചു വിറ്റു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വാടകയ്ക്കെടുത്ത രണ്ട് കാറുകള്‍ ഉടമ അറിയാതെ മറിച്ചു വിറ്റ് വഞ്ചിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കാറുകള്‍ വാങ്ങിയ രണ്ടുപേരും കേസില്‍ പ്രതികളാണ്. മേല്‍പ്പറമ്പയിലെ അബ്ദുല്‍ റഹ്മാന്‍റെ മകന്‍ എ. ഷാഹുല്‍ ഹമീദ് (28) നല്‍കിയ പരാതിയില്‍ മുളിയാര്‍ പൊവ്വലിലെ എസ്.എ. മുഹമ്മദ് അസ്ലം (31), പുത്തിഗെ റിഫായി നഗറിലെ അബ്ദുള്ളയുടെ മകന്‍ എന്‍.എ. അഹമ്മദ് ഷമ്മാസ് (31), കര്‍ണാടക ബെല്‍ഗാം നന്ദന്‍കോട്ടെ അഹമ്മദ് മുജാബീറിന്‍റെ മകന്‍ സുബൈര്‍ (35) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2026 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 13 എ.പി. 1508 നമ്പര്‍ ബ്രെസ്സ കാറും കെ.എല്‍. 14 എ.എഫ്. 6866 നമ്പര്‍ ബലേനോ കാറും ഒന്നാം പ്രതിയായ മുഹമ്മദ് അസ്ലം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങിയെന്നാണ് പരാതി. എന്നാല്‍, പരാതിക്കാരന്‍റെ അറിവോ സമ്മതമോ കൂടാതെ കാറുകള്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് വില്‍ക്കുകയും കൈമാറുകയും ചെയ്ത് വഞ്ചിച്ചെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.