പിഎസ്സി പരീക്ഷാ ക്രമക്കേട്; മുന്‍ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനത്തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മുന്‍ ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിനെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. ഇന്നു തന്നെ തിരുവനന്തപുരത്ത് എത്തിക്കും. പിഎസ്സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആര്‍. ഹരിക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

ഹരിയെ സസ്പെന്‍ഡ് ചെയ്യുകയും സതീഷിന്‍റെ വിരമിക്കല്‍ ആനുകൂല്യം തടയുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്‍റെ ചുമതല ഇവര്‍ക്കായിരുന്നു. 58 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് മുമ്പ് സതീഷിന്‍റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്തതിനു ശേഷമാണ് സതീഷിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്. അംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സതീഷിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ ഉന്നതര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ടോ എന്ന് അറിയാന്‍ കഴിയൂ. പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

പിഎസ്സി അംഗങ്ങളായ എസ്.ശ്രീകുമാര്‍, സ്റ്റാനി തോമസ് എന്നിവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഇന്‍റര്‍വ്യൂ ഉള്ളതിനാല്‍ പിഎസ്സി അംഗം സി.കെ.ഷാജിബ് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായില്ല. അഭിമുഖം നടത്തുന്ന പാനലുകളിലാണ് തങ്ങളുള്ളതെന്നും പരീക്ഷാമൂല്യനിര്‍ണയത്തെക്കുറിച്ച് അറിവില്ലെന്നുമാണ് അംഗങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്. ചെയര്‍മാന്‍, സെക്രട്ടറി, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരാണ് പരീക്ഷകളില്‍ നേരിട്ട് ഇടപെടാറുള്ളതെന്ന് അംഗങ്ങള്‍ മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ എന്നീ നിയമനങ്ങളിലാണ് എസ്ഐടി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.