ഒന്നര വയസുകാരന്‍റെ മരണം; 3 ഡോക്ടര്‍മാരെക്കൂടി പ്രതി ചേര്‍ത്തു

പയ്യന്നൂര്‍: അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യ മരിച്ച സംഭവത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ 3 ഡോക്ടര്‍മാരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തു. ആശുപത്രി ആര്‍.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്. ചികിത്സാ പിഴവുണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നല്‍കിയ ഡോ. അഞ്ജലിയെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു.