മാസപ്പടിക്കേസില്‍ റിയാസിന്‍റെ സുഹൃത്തുക്കള്‍ക്ക് എസ്ഐടി നോട്ടീസ്

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്ഐടിയുടെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഹസന്‍ വാരിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്ഐടി നോട്ടീസ് നല്‍കി. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ഹസന്‍ വാരിസ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. പല ദിവസങ്ങളിലായിട്ടാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാല്‍ നേരത്തെ മൊഴി നല്‍കിയവര്‍, തങ്ങളെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് പിന്നീട് പരാതിപ്പെടുകയുണ്ടായി.

ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികള്‍ കടത്തിയെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. ഹസന്‍ വാരിസിന് 1.2 കോടി രൂപയും മറ്റൊരാള്‍ക്ക് നിശ്ചിത തുകയും നല്‍കിയതായി വീണയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. ഇത് റിയാസും പിണറായി വിജയനും നിഷേധിച്ചിട്ടുണ്ട്. നിലവില്‍ കെ.എം ഷാജഹാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ വിധി വരാനിരിക്കുന്നതിനാല്‍ ഇഡിയോട് കൂടുതല്‍ രേഖകള്‍ എസ്ഐടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും, ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഡിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഹസന്‍ വാരിസും നിഖിലും അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട് മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്.

ഹവാലയില്‍ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകള്‍ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതില്‍ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പ്രത്യേക വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. അന്വേഷണം മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാല്‍ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും.