കാസര്‍കാട്: തളങ്കര, കടവത്തെ ഒരു കെട്ടിട മുറിയില്‍ രാത്രി നടന്ന കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയെയാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാല്‍ പേര് പുറത്തുവിട്ടില്ല.പ്രതിയെ കോടതി റിമാന്റു ചെയ്തു. കേസിലെ കൂട്ടുപ്രതികളായ മറ്റു രണ്ടു പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.രണ്ടാഴ്ച മുമ്പാണ് കടവത്തെ കെട്ടിട മുറിയില്‍ അജ്ഞാതനെ നിലത്തു മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പുറത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു മുറി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയായിരുന്നു കൊലപാതകം. നാലുപേരാണ് കെട്ടിടത്തില്‍ മുറിയെടുത്തിരുന്നത്. ഇവരില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്കിയ ശേഷം ഗൂഗിള്‍ പേ വഴിയാണ് വാടക തുക നല്‍കിയിരുന്നത്. മുറിയെടുത്തതിനു ശേഷം രണ്ടു ദിവസം നാലുപേരും മത്സ്യ ബന്ധനത്തിനു പോയിരുന്നു. മൂന്നാം നാള് രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യ ലഹരിയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ തോര്‍ത്ത് കഴുത്തില്‍ മുറുക്കിയായിരുന്നു കൊല നടത്തിയതെന്നാണ് അറസ്റ്റിലായ പ്രതി മൊഴി നല്‍കിയത്.
കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് ബന്ധുക്കളുടെ സഹായത്തോടെ കൊല്ലപ്പട്ടയാളെ തിരിച്ചറിഞ്ഞത്. പലപ്പോഴും ദൂരെ ദിക്കുകളിലേയ്ക്കു ജോലിക്കു പോകാറുള്ള നജീമുള്ള ബാംഗ്ലൂരില്‍ വച്ചാണ് മൂന്നു പേരെയും പരിചയപ്പെട്ടത്. തുടര്‍ന്ന് നാലുപേരും കൂടി കാസര്‍കോട്ടെത്തി തളങ്കര, കടവത്ത് മുറിയെടുത്ത് മത്സ്യ ബന്ധന ജോലിക്കു പോവുകയായിരുന്നു. മൂന്നാം ദിവസം രാത്രിയിലാണ് നജീമുള്ള കൊല്ലപ്പെട്ടത്.