ശ്രീമതിയുടെ സങ്കടം വൈറലായി, സൈബര്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത പ്രചാരണത്തില്‍ ഇന്ന് കേസെടുക്കും. കണ്ണൂര്‍ സൈബര്‍ പോലീസ് പി. കെ.ശ്രീമതിയുടെ പരിയാരത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വ്യാജ വാര്‍ത്തയില്‍ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി. കെ. ശ്രീമതി പറഞ്ഞു. ആലക്കോട് സൈബര്‍ പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഉടന്‍ നടപടി ഉണ്ടായതില്‍ സന്തോഷമെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടുവെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തില്‍ തന്‍റെ മനസ് അലിയില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു. കുന്നംകുളം മുന്‍ എംഎല്‍എയായിരുന്ന പി.കെ.കൃഷ്ണന്‍റെ ഭാര്യയെന്ന പേരില്‍ സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്ന വാര്‍ത്തയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. ജനം ടിവി, ഓണ്‍ലൈന്‍ സ്ഥാപനമായ കര്‍മ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാര്‍ത്ത നല്‍കിയവരെയും പ്രതി ചേര്‍ക്കും.