വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് 3.60 ലക്ഷം രൂപ നഷ്ടം

ബേക്കല്‍: ഫേസ്ബുക്കില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ട് വിദേശത്തേക്ക് പോകാന്‍ വിസയ്ക്കായി പണം നല്‍കിയ യുവതിക്ക് 3.60 ലക്ഷം രൂപ നഷ്ടപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിനി ഫിദയ്ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര കണംകുളത്തെ പി. ഷിറാഷിന്‍റെ ഭാര്യ സി. ബബിനരാജിനാണ് (32) പണം നഷ്ടമായത്.ഫേസ്ബുക്കില്‍ ഒരു കമ്പനിയുടെ ജോലി ഒഴിവ് സംബന്ധിച്ച പരസ്യം കണ്ടാണ് യുവതി ബന്ധപ്പെട്ടത്. തുടര്‍ന്ന് വാട്സാപ്പിലൂടെ ബന്ധപ്പെട്ടപ്പോള്‍ വിദേശത്തേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച യുവതി 2025 മേയ് രണ്ടിന് ബാങ്ക് അക്കൗണ്ട് വഴി 3,60,000 രൂപ അയച്ചു നല്‍കിയെന്നാണ് പരാതി.എന്നാല്‍ പണം നല്‍കിയിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.