കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ കേരളത്തിലേക്കുള്ള വരവ് ഇനിയും വൈകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശക്തമായ കാലവര്‍ഷത്തിന് ആവശ്യമായ ഉപരിതല കിഴക്കന്‍ കാറ്റുകള്‍ ജൂണ്‍ 5, 6 തീയതികള്‍ക്ക് ശേഷം മാത്രമേ ദക്ഷിണേന്ത്യയ്ക്ക് മുകളില്‍ പൂര്‍ണമായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തിലെ കാലവര്‍ഷത്തിന്‍റെ തുടക്കം കനത്ത മഴയോടെയായിരിക്കില്ല. മറിച്ച് വളരെ നേരിയതോ ദുര്‍ബലമോ ആയ രീതിയിലായിരിക്കുമെന്നാണ് വിവരം. ക്രമേണ മാത്രമേ ഇത് ശക്തിപ്രാപിക്കുകയുള്ളൂ. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് കാലവര്‍ഷം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീശുന്ന ഈര്‍പ്പമുള്ള കാറ്റാണ് മണ്‍സൂണ്‍ മഴയ്ക്ക് കാരണം. കാലവര്‍ഷത്തെക്കുറിച്ച് പരിശോധിക്കാന്‍ കാലാവസ്ഥാ വകുപ്പ് ഉപയോഗിക്കുന്ന ഒരു പുതിയ കമ്പ്യൂട്ടര്‍ മോഡലാണ് ഗ്ലോബല്‍ ഫോര്‍കാസ്റ്റ് സിസ്റ്റം (ജിഎഫ്എസ്). ഇത് അന്തരീക്ഷത്തിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നു. ഇവയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രകാരമാണ് കാലവര്‍ഷം ഇനിയും വൈകുമെന്ന് പറയുന്നത്. അതിന് കാരണം പടിഞ്ഞാറ് നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റാണ്. ഇവയെ 'വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്' എന്നാണ് വിളിക്കുന്നത്. ഈ കാറ്റ് പൂര്‍ണമായും മാറിപ്പോയാല്‍ മാത്രമേ കാലവര്‍ഷത്തിന് ആവശ്യമായ കിഴക്കന്‍ കാറ്റുകള്‍ക്ക് ദക്ഷിണേന്ത്യയ്ക്ക് മുകളില്‍ ശക്തമാക്കാന്‍ സാധിക്കുകയുള്ളൂ. അതുവരെ കേരളത്തിന് മുകളിലുള്ള പ്രാരംഭ മണ്‍സൂണ്‍ പ്രവാഹം വളരെ ദുര്‍ബലായി തന്നെ തുടരും.