കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവര്‍മ (89) അന്തരിച്ചു. തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേകെട്ട് താവഴിയിലെ അംഗമാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് ചിന്താവളപ്പില്‍ ആയിരുന്നു താമസം.
ഫാര്‍മക്കോളജി വിദഗ്ധനും മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാര ജേതാവുമാണ്. ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാര്‍ണ്യാട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകനാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷദ്വീപില്‍ മന്തുരോഗവ്യാപനം തടയാന്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ഫൈലേ റിയാസിസ് റിസര്‍ച്ച് സെന്‍ററുമായി ചേര്‍ന്ന് മരുന്നു കലര്‍ത്തിയ കുറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരുന്നു കേരളവര്‍മ. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനവേളയില്‍ കൈയിലെ സ്വര്‍ണവള അദ്ദേഹത്തിന് ഊരിനല്‍കി സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായ മുന്‍ അമ്പാടി കോവിലകം ശ്രീദേവി വര്‍മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവര്‍മയുടെയും മകനായി 1936 സെപ്റ്റംബര്‍ മൂന്നിനായിരുന്നു ജനനം. സാമൂതിരി കോളേജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി അഹമ്മദാബാദിലെ എല്‍എം ഫാര്‍മസി കോളേജില്‍നിന്ന് ഫാര്‍മസി ബിരുദം നേടി. തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വര്‍മയാണ് ഭാര്യ. മക്കള്‍: സാഹിത്യകാരി സുനീത രാജ(ഡല്‍ഹി), ഡോ. കെ.സുജിത് വര്‍മ (കെഎംസിടി ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍). മരുമക്കള്‍: കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി).