കോഴിപ്പോര് ചൂതുകളി; 7 പേര്‍ പിടിയില്‍, 7 പൂവന്‍കോഴികളും 3,800 രൂപയും കസ്റ്റഡിയില്‍

ബദിയടുക്ക: കോഴിപ്പോര് ചൂതുകളിയില്‍ ഏര്‍പ്പെട്ട ഏഴ് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഏഴ് പൂവന്‍കോഴികളെയും 3,800 രൂപയും പിടികൂടി. സംഭവ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബേള ബിര്‍മിനടുക്ക പടിയെടുപ്പില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ്.ഐ. ടി. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ബമ്പറണ തിലക് നഗറിലെ ആനന്ദയുടെ മകന്‍ ജയറാം (36), ആദൂര്‍ കുണ്ടാറിലെ രാമചന്ദ്രന്‍റെ മകന്‍ പത്മനാഭന്‍ (45), നീര്‍ച്ചാലിലെ നിന്‍റോണിയുടെ മകന്‍ നാരായണന്‍ (45), പള്ളിക്കര പാക്കത്തെ കണ്ണന്‍റെ മകന്‍ ശശി (65), ബദിയടുക്ക പെര്‍ഡാലയിലെ ശങ്കരന്‍റെ മകന്‍ പ്രജ്വില്‍ (25), പെരുമ്പള കോളിയടുക്കത്തെ മാധവന്‍റെ മകന്‍ പ്രമോദ് (41), കുമ്പള മുജന്‍കാവിലെ രാമയയുടെ മകന്‍ ചന്ദ്ര (45) എന്നിവരാണ് പൊലീസ് പിടിയിലായത്. കോഴിപ്പോരിനായി ഉപയോഗിച്ച ഏഴ് പൂവന്‍കോഴികളെയും ചൂതുകളിക്ക് ഉപയോഗിച്ച 3,800 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.