മലയാളി നഴ്സിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി

വയനാട്: സൗദി അറേബ്യയില്‍ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. വയനാട് സുല്‍ത്താന്‍ ബത്തേരി അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് തിരികെ മടങ്ങിയതിന് ശേഷം കാണാതായത്. എയര്‍പോര്‍ട്ടില്‍ എത്തിയെന്ന് അവസാന സന്ദേശം ലഭിച്ചെന്നും, തുടര്‍ന്ന് യാതൊരു വിവരവുമില്ലെന്നും കുടുംബം പറയുന്നു.

4 ദിവസം മുന്‍പാണ് റിയാദില്‍ നാഴ്സിംഗ് ജോലി ചെയ്യുന്ന ഫിലോമിന അവധിക്ക് ശേഷം തിരിച്ച് മടങ്ങിയത്. എയര്‍ പോര്‍ട്ടില്‍ തന്‍റെ ഫോണ്‍ വാങ്ങിവച്ചുവെന്നാണ് അവസാനമായി വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. പാസ്പോര്‍ട്ടും വാങ്ങി വെച്ചതായി ഫിലോമിന അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ജിദ്ദയില്‍ എത്തിയ മകളെ പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ ആയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.എംബസിയുമായി ബന്ധപ്പെട്ടങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഫിലോമിനയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും കുടുംബം പറയുന്നു. ഫിലോമിനയെ എത്രയും വേഗം കണ്ടെത്തണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

റിയാദില്‍ കിങ് ഫഹദ് ആശുപത്രിയില്‍ മൂന്നുവര്‍ഷമായി നഴ്സായി ജോലിചെയ്തുവരുകയാണ് ഫിലോമിന. അനന്ത് നിവാസില്‍ രവിയുടെയും സെല്‍വിയുടെയും മകളാണ് 32 വയസ്സുള്ള ഫിലോമിന. ഫിലോമിനയെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് മാതാപിതാക്കളായ സെല്‍വിയും രവിയും അഭ്യര്‍ഥിച്ചു.