കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന ആവശ്യം നാലാംതവണയും പാര്‍ട്ടി നിരസിച്ചു. 2020 ല്‍ ലഹരികേസില്‍ അറസ്റ്റിലായതോടെയാണ് ബിനീഷിന്‍റെ അംഗത്വം പാര്‍ട്ടി മരവിപ്പിച്ചത്. 2001 മുതല്‍ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2023 ല്‍ ബിനീഷ് കേസില്‍ നിന്ന് പൂര്‍ണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാന്‍ ബിനീഷ് നാലു തവണ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി ഈ അപേക്ഷ നിരസിക്കുകയായിരുന്നു. ബിനീഷിനെ മാറ്റി നിര്‍ത്തുന്നത് എന്തിനെന്ന ചോദ്യം കഴിഞ്ഞ ദിവസം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാര്‍ട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന ചോദ്യം. ആലോചിച്ച് തീരുമാനം എടുക്കാം എന്ന് മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.
ബിനീഷ് കേസില്‍പ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നിരുന്നു. കേസ് നടത്തിയതും കുടുംബമാണ്. കേസില്‍ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാര്‍ട്ടി എന്തിന് മാറ്റിനിര്‍ത്തുന്നു എന്ന ചോദ്യമാണ് സിപിഎം അണികളില്‍ നിന്നും ഉയരുന്നത്. ഇക്കാര്യം പാര്‍ട്ടി യോഗങ്ങളിലും ചര്‍ച്ചയാകുന്നുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിനീഷ് കോടിയേരിയിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. പുഷ്പനെ കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ കോടിയേരി എത്തിയതിന്‍റെ ചിത്രത്തിനൊപ്പം 'ഒരേയൊരു കോടിയേരി' എന്നെഴുതിയായിരുന്നു ചിത്രത്തില്‍ കോടിയേരിയോടൊപ്പം എഎന്‍ ഷംസീറും ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷംസീറിന് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ബിനീഷിന്‍റെ പോസ്റ്റിന് താഴെ കോടിയേരിയെപോലെ ഗോവിന്ദന്‍മാഷിന് ആവില്ല, പിണറായി കൊള്ളില്ല എന്നല്ലേ ഉദ്ദേശിച്ചത്. ഇത്തരം അര്‍ത്ഥം വെച്ചുള്ള കമന്‍റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.