തിരുവനന്തപുരം: മാവേലി, മലബാര്‍ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. മാവേലി എക്സ്പ്രസിലും മലബാര്‍ എക്സ്പ്രസിലും ഓരോ സ്ലീപ്പര്‍ ക്ലാസ് കോച്ചുകളാണ് സ്ഥിരമായി അനുവദിച്ചത്. മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) നാളെ മുതല്‍ അധിക കോച്ചുമായാകും സര്‍വീസ് നടത്തുക. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസില്‍(16604) ഒക്ടോബര്‍ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പര്‍ കോച്ചുണ്ടാകും. ഒരു സ്ലീപ്പര്‍ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പര്‍ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്‍റെ സര്‍വീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയര്‍, ഒരു എസി ടൂ ടയര്‍, അഞ്ച് എസി ത്രീ ടയര്‍, അഞ്ച് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഭിന്നശേഷിക്കാര്‍ക്കായി രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്. 16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ഇന്നുമുതല്‍ അധിക കോച്ചുമായി സര്‍വീസ് നടത്തും. ഇതോടെ മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണവും പത്തായി.
താംബരം കന്യാകുമാരി താംബരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍(22657/22658) ഒരു എസി ടൂ ടയര്‍, രണ്ട് എസി ത്രീ ടയര്‍, മൂന്ന് സ്ലീപ്പര്‍ ക്ലാസ്, ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവ സ്ഥിരമായി അധികം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ അധിക കോച്ചുകളുമായാകും ട്രെയിന്‍ സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ (22207/22208) ട്രെയിനില്‍ രണ്ട് എസി ത്രീ ടയര്‍ കോച്ചുകളും അധികമായി അനുവദിച്ചു. ഒക്ടോബര്‍ രണ്ട്, നാല് തീയതികള്‍ മുതല്‍ അധിക കോച്ചുകളുമായാകും ട്രെയിനിന്‍റെ സര്‍വീസ്.