വി എസിന് സ്മരണാഞ്ജലി; സ്മാരകം നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: സിപിഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ നാട് അനുസ്മരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സില്‍ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്മരിക്കാന്‍ സംസ്ഥാനത്തെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വി എസ് അച്യുതാനന്ദന്‍റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനശ്വരരായ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിര്‍മിച്ച വി എസ്സ്മാരകം നാടിന് സമര്‍പ്പിച്ചു. രാവിലെ ഒമ്പതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി. പുന്നപ്രڊവയലാറിന്‍റെ സമരനായകനായ വി എസിന്‍റെ മൃതദേഹം വലിയ ചുടുകാട്ടിലാണ് സംസ്കരിച്ചത്. അവിടെത്തന്നെയാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. പ്രശസ്ത വാസ്തുശില്‍പ്പി ജി ശങ്കറിന്‍റേതാണ് രൂപരേഖ. സിപിഎം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, വി എസിന്‍റെ കുടുംബാഗങ്ങള്‍ തുടങ്ങി ആയിരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് ചേരുന്ന അനുസ്മരണ പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.