കെ സിയുടെ 'വിശ്വസ്തന്‍' എ പി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്‍റായേക്കും

തിരുവനന്തപുരം: മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ സി വേണുഗോപാലിന്‍റെ വിശ്വസ്തനുമായ എ പി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്‍റായേക്കും. ഈ മാസം അവസാനം ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെയും പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നീക്കം. മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രവര്‍ത്തനരീതിയെച്ചൊല്ലി പാര്‍ട്ടിയിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ആറ് തവണ എംഎല്‍എയും നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരില്‍ ഒരാളുമായ എ പി അനില്‍ കുമാറിനെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. ഇത് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു ദളിത് നേതാവായ കൊടിക്കുന്നില്‍ സുരേഷിന് തിരിച്ചടിയാകും. ദീപാവലിക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എ പി അനില്‍ കുമാറിന് കെ സി വേണുഗോപാലിന്‍റെ പിന്തുണയുണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അദ്ദേഹത്തിന്‍റെ നിയമനം പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം എവിടെയെന്ന ചോദ്യത്തിന് മറുപടിയാകുമെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടലിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അനില്‍കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണപരിഷ്കാര കമ്മീഷന്‍ നിയമനത്തിലും ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധിയുടെ നിയമനത്തിലും കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേ പുതിയ പേര് ഉയര്‍ന്നുവന്നത്.

മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്ഥാനത്തോളം പ്രാധാന്യമായിരുന്നു പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്‍റിന്‍റെതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'നയപരമായ തീരുമാനങ്ങളും രാഷ്ട്രീയ വിഷയങ്ങളും മുഖ്യമന്ത്രിയും കെപി സിസി പ്രസിഡന്‍റും തമ്മിലാണ് ചര്‍ച്ച ചെയ്തിരുന്നത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ് ഈ തീരുമാനങ്ങള്‍ മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിക്കും. കെപിസിസി അധ്യക്ഷന് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കണം, അദ്ദേഹം മുഖ്യമന്ത്രിക്ക് വിധേയനായിരിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ കുമാര്‍ അധ്യക്ഷനാകുന്നതോടെ സര്‍ക്കാരില്‍ സംഘടനാപരമായി കൂടുതല്‍ ഇടപെടാനും എഐസിസിയുമായി കൂടുതല്‍ മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാര്‍ട്ടിയിലെ സീനിയറായ രാജ്മോഹന്‍ ഉണ്ണിത്താനും കെപിസിസി പ്രസിഡന്‍റാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചന.