എസ്ഐടി അന്വേഷണം ഊരാളുങ്കലിലേക്കും നീളുന്നു

തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാന്‍ എസ്ഐടിയെ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കിഫ്ബി വഴി ഊരാളുങ്കലിന് ലഭിച്ച 6000 കോടി രൂപയുടെ പദ്ധതികളെക്കുറിച്ചാകും അന്വേഷണം. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പല പദ്ധതികളും ഊരാളുങ്കലിന് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നല്‍കാനാണ് തീരുമാനം. ഏകദേശം 12,400 കോടിയോളം രൂപയുടെ ഭൂമി ഇടപാടാണ് സംശയത്തിന്‍റെ നിഴലിലുള്ളത്. പല പദ്ധതികള്‍ക്കും ടെന്‍ഡര്‍ വിളിച്ചില്ലെന്നും, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പോലും ഊരാളുങ്കല്‍ നേരിട്ടാണ് തയ്യാറാക്കിയതെന്നുമാണ് പ്രധാന ആരോപണം. ഇതേത്തുടര്‍ന്നാണ് അന്വേഷണം ഊരാളുങ്കലിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ക്രമക്കേടില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനിലേക്കും അന്വേഷണം നീളുന്നുണ്ട്. കിഫ്ബി ചെയര്‍മാനായിരുന്ന പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമെടുത്തതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം മതിയോ അതോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് അന്തിമ തീരുമാനമെടുക്കും. കണ്ണൂരില്‍ കിന്‍ഫ്രയ്ക്കായി കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതായി വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍, നല്‍കിയ വില, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവരും അന്വേഷണത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് സൂചന.