പി എസ് സി പരീക്ഷയില്‍ കൈകടത്തി; ചെയര്‍മാന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: പി.എസ്.സി. ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പരീക്ഷാക്രമക്കേടില്‍ പ്രതിചേര്‍ക്കുമെന്നുറപ്പായി. ആസൂത്രണ പരീക്ഷയുടെ ചോദ്യം തയ്യാറാക്കുന്ന പാനലിനെ തീരുമാനിക്കുന്നത് മുതല്‍ ക്രമക്കേടില്‍ ബൈജു ഇടപെട്ടതായിട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് എം.ആര്‍. ബൈജുവിനെ പ്രതിചേര്‍ക്കുക. ഇക്കാര്യത്തില്‍ വേണ്ട തെളിവുകളും മൊഴികളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. ഇതനുസരിച്ചാണ് നീക്കം.ചോദ്യം ചെയ്യലില്‍ മൂന്ന് ഉദ്യോസ്ഥരുടെ മൊഴിയാണ് തിരിച്ചടിയായത്.

നേരത്തേ ബൈജുവിനെയും രണ്ട് അംഗങ്ങളെയും നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യമുള്ള മൊഴികളായിരുന്നു ഉണ്ടായത്. ചെയര്‍മാനെതിരേയാണ് അംഗങ്ങള്‍ മൊഴി നല്‍കിയത്. ആസൂത്രണബോര്‍ഡ് പരീക്ഷയുടെ ചോദ്യാവലി തയ്യാറാക്കാനുള്ള പാനലിനെ തെരഞ്ഞെടുത്തത് ചെയര്‍മാനായിരുന്നു എന്നാണ് അംഗങ്ങള്‍ നല്‍കിയ മൊഴി. ഇതിന്‍റെ രേഖകളും നേരത്തേ തന്നെ ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇതിന് പിന്നാലെ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്താനുള്ള ചുമതല ഡപ്യൂട്ടി സെക്രട്ടറിക്കായിരുന്നു.

മൂല്യനിര്‍ണ്ണയത്തില്‍ പത്തോ പന്ത്രണ്ടോ ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നും ഇത് ചെയ്തത് ബൈജുവാണെന്നും എല്ലാം കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ഹരിയും മൊഴി നല്‍കി. ഈ തെളിവുകളെല്ലാം വെച്ചാണ് ബൈജുവിനെ പ്രതി ചേര്‍ക്കുന്നത്. അതേസമയം മൊഴി നല്‍കിയ മൂന്നോളം അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് ബൈജുവിന് അനുകൂലമായി മൊഴി നല്‍കിയത്. ക്രമക്കേട് നടന്നതായുള്ള മൊഴി ക്രൈംബ്രാഞ്ചിന് കിട്ടിയ സാഹചര്യത്തിലാണ് ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതി ചേര്‍ക്കുന്നത്. പി.എസ്.സി. യുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെയര്‍മാന്‍ ഒരു കേസില്‍ പ്രതിയാക്കപ്പെടുന്നത്.