വാഴകള്‍ കുലക്കാന്‍ വൈകി; നേന്ത്രവാഴ കര്‍ഷകര്‍ ആശങ്കയില്‍

നീലേശ്വരം: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന സ്വര്‍ണമുഖി ഇനത്തില്‍പ്പെട്ട ക്വിന്‍റല്‍ വാഴ കന്നുകള്‍ കുലക്കാന്‍ വൈകുന്നത് കാസര്‍കോട് ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ജില്ലയുടെ വാഴതോട്ടം എന്നറിയപ്പെടുന്ന മടിക്കൈയിലെ നിരവധി കര്‍ഷകര്‍ ഇത്തവണ സ്വര്‍ണമുഖി ക്വിന്‍റല്‍വാഴകന്നാണ് കൃഷിചെയ്തത്. സ്വര്‍ണ്ണമുഖി നേന്ത്രവാഴ കുലക്കാന്‍ 8 മുതല്‍ 9 മാസം വരെ വേണം. വിളവെടുപ്പിന് പാകമാവാന്‍ 3 മുതല്‍ 4 മാസംവരെയും എടുക്കും. എന്നാല്‍ ജില്ലയിലെ മിക്ക കര്‍ഷകരും വയല്‍പ്രദേശത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ജൂലൈ കഴിയാതെ വിളവെടുക്കാന്‍ സാധിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജൂണ്‍ മാസം മുതല്‍ മഴ തുടങ്ങിയാല്‍ വയലുകള്‍ വെള്ളത്തിനടിയിലാവും. ഇതോടെ നേന്ത്രവാഴ കൃഷി വെള്ളത്തിലാകും. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇത്തവണ വന്‍ പ്രതിസന്ധിയെയാണ് നേരിടുന്നത്. നാലര മാസം കൊണ്ട് കുലക്കേണ്ട വാഴകള്‍ സമയം കഴിഞ്ഞിട്ടും കുലക്കാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. സാധാരണ നാലരമാസം കൊണ്ട് കുലക്കുന്ന നാടന്‍ നേന്ത്രവാഴകള്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും വിളവെടുക്കാനും സാധിക്കും. മേട്ടുപ്പാളയത്തില്‍ നിന്നും കൊണ്ടുവന്ന ക്വിന്‍റല്‍ വാഴയാകട്ടെ സാധാരണ വാഴയെക്കാള്‍ ഉയരം വെക്കുന്നതിനാല്‍ കാറ്റില്‍ നശിക്കുകയും ചെയ്യും. ലക്ഷങ്ങള്‍ മുടക്കി കൃഷിയറക്കിയ കര്‍ഷകര്‍ ഇതോടെ ആശങ്കയിലാണ്. ഇതിനിടയില്‍ നേന്ത്രവാഴക്ക് വിപണിയിലും വില ഇടിയുകയും ചെയ്തു. കിലോക്ക് 40 മുതല്‍ 50 രൂപവരെ ലഭിച്ചിരുന്ന നേന്ത്രക്കായകള്‍ക്ക് ഇപ്പോള്‍ 24-25രൂപയ്ക്ക് പോലും എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് നേന്ത്രകായ എത്തുന്നതാണ് നാടന്‍ വാഴ കര്‍ഷകര്‍ക്ക് ഭീഷണിയായത്.