നീലേശ്വരം : സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ജോലിഭാരം മൂലം അധ്യാപകര്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍. ഇതിനകം തന്നെ മാനസിക സമ്മര്‍ദ്ദത്തിലായ നിരവധി അധ്യാപകര്‍ ചികിത്സയിലാണെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. അമിത ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദ്ദത്താല്‍ സംസ്ഥാനത്ത് തന്നെ ജീവനൊടുക്കിയ അധ്യാപകരുടെ എണ്ണവും വര്‍ധിച്ചുവരുന്നു ഏറ്റവും ഒടുവിലായാണ് മൊഗ്രാല്‍ പുത്തൂരിലെ ബൂത്ത് ലെവല്‍ ഓഫീസറായ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അറബിക് അധ്യാപകന് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദ് (32)പുഴയില്‍ ചാടി മരിച്ചത്. മികച്ച ബൂത്ത് ലെവല്‍ ഓഫീസറാണ് സവാദെന്ന് ജില്ലാ കലക്ടര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരണപ്പെടുന്നതിന് മുമ്പ് കടുത്ത ജോലിഭാരം മൂലം സവാദ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞിരുന്നു. ഇതിന് ഏതാനും മാസം മുമ്പാണ് മാലോത്തെ ഒരു അംഗന്‍വാടി അധ്യാപക കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അധ്യാപനവും പരീക്ഷയും മൂല്യനിര്‍ണ്ണയവും വിദ്യാലയങ്ങളിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ എണ്ണമറ്റ കഠിനമായ ജോലിക്കൊപ്പമാണ് മാനസിക സമ്മര്‍ദ്ദമേല്‍പ്പിക്കുന്ന വിശ്രമമില്ലാത്ത ബൂത്ത് ലെവല്‍ ഓഫീസര്‍ ഡ്യൂട്ടിയും തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. കഴിഞ്ഞ റംസാന് വ്രതാനുഷ്ഠാന വേളയിലും നോമ്പെടുത്തു തളര്‍ന്നവരെ പോലും പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും മാറ്റി കൊടുംവേനലില്‍ ബി.എല്‍. ഒ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതും പ്രയാസകരവും ഭാരിച്ചതുമായ തൊഴില്‍ മേഖലയായി വിദ്യാഭ്യാസരംഗം മാറിയിട്ടുണ്ടെന്നും അതു പരിഗണിക്കാതെ അധ്യാപന മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ഡ്യൂട്ടികള്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ്, സെന്‍സസ് എന്നിവയുടെ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു. തെരഞ്ഞെടുപ്പു ഡ്യൂട്ടിയുമായി നേരിട്ടു ബന്ധമില്ലാത്ത ബി. എല്‍. ഒ ഡ്യൂട്ടി അധ്യാപകരുടെ തലയില്‍ കെട്ടിവച്ചതാണ് ഇതില്‍ പുരുഷന്മാരെക്കാള് വനിതകളാണ് കൂടുതല്‍ സമ്മര്ദ്ദത്തിലായിട്ടുള്ളത്. ബി.എല്‍. ഒ ഡ്യൂട്ടിയില്‍ നിന്ന് അധ്യാപകരെ പൂര്‍ണമായും മാറ്റി നിര്‍ത്തണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അമിതജോലി ഭാരം: അധ്യാപകരില്‍ മാനസീക സമര്ദ്ദമേറുന്നു