പടന്നക്കാട്: സമ്പന്നരുടെ ക്ലബ്ബായ പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബില്‍ പോലീസ് റെയ്ഡ് നടത്തി ചീട്ടുകളി പിടികൂടി. 16 ആളുകള്‍ക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നേകാലിനായിരുന്നു റെയ്ഡ്. ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും 1,81,420 രൂപയും ചീട്ടുകളിക്കാന്‍ ഉപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തു. ഹോ സ്ദുര്‍ഗ് കോടതിയുടെ മുന്‍ കൂര് അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. കിനാനൂര്‍ വില്ലേജിലെ ചായ്യോം സിനീഷ് നിവാസില്‍ സി.നാരായണന്(69), കൂത്തുപറമ്പ് നരവൂരിലെ മാധവം ഹൗസില്‍ പത്മകുമാര്‍ നിന്കിലേരി(66), കള്ളാറിലെ മാമ്പുഴക്കാലായില് ജേക്കബ്ബിന്റെ മകന് സോജന് ജേക്കബ്ബ്(47), കാസര്‍കോട് അടുക്കത്ത്ബയല്‍ വള്ളിനിലയം വീട്ടില്‍ കുമാരന്റെ മകന് ബാബു(65), അടുക്കത്ത്ബയല്‍ ബീച്ചിലെ ചീക്കപ്പന്കടവന്റെ മകന് പളനി(48), തായന്നൂര്‍ കഞ്ചന്കല്ല് വീട്ടില്‍ ഗോപാലന്റെ മകന് സനല്‍കുമാര്‍(57), പടന്നക്കാട് തണ്ണോടത്ത് വീട്ടില്‍ ചാത്തന്കുഞ്ഞിയുടെ മകന് ടി.സുരേഷ്(60), തൃക്കരിപ്പൂരിലെ എന്‍.കെ.പി റുഖിയയുടെ മകന് എന്‍ കെ പി ജമാലുദ്ദീന്‍(57), നീലേശ്വരം കടിഞ്ഞിമൂല കടവത്ത് വീട്ടില്‍ കൊട്ടന്റെ മകന് കെ.ചന്ദ്രന് (66), തീര്‍ത്ഥംകര കല്ലായി വീട്ടില്‍ അബൂബക്കര്‍ഹാജിയുടെ മകന് എം.അബ്ദുള്‍റഷീദ്(57), രാജപുരം ഒക്ലാവ് പുതുപ്പറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന് ആന്റണി(56), ചിത്താരി കൂളിക്കാട് പുതിയവളപ്പില്‍ വീട്ടില്‍ മുഹമ്മദ്ഹാജിയുടെ മകന് മടിയന്‍ കുഞ്ഞുമുഹമ്മദ്(63), ഉദയപുരം വട്ടല്ലൂര്‍ ഹൗസില്‍ എം.സി.ചെറിയാന്റെ മകന് ബാലസജീവ്കുമാര്(58), ബളാല്‍ ഇഞ്ചിയില്‍ വീട്ടില്‍ ഗംഗാധരന്റെ മകന് ഇ.ജി.ഷാജു(62), പാലാവയല് കാവുംന്തല പൈക്കകാവുങ്കല് സെബാസ്റ്റ്യന്റെ മകന് ജോര്‍ജ് സെബാസ്റ്റ്യന്‍ (70), ബളാല്‍ വടക്കേകുന്നേല്‍ കുര്യന്റെ മകന് വി.കെ.ജെയിംസ്(79) എന്നിവര്‍ക്കെതിരെയാണ് കേസ്. വിനോദം എന്നനിലയില്‍ പണം വെക്കാതെ ചീട്ടുകളിക്കാനാണ് ക്ലബ്ബില്‍ അനുമതി. അതും ക്ലബ്ബ് അംഗങ്ങള്‍ക്ക് മാത്രം. ഇതിന് വിരുദ്ധമായി പണം വെച്ച് ചീട്ടുകളിക്കുകയും ക്ലബ്ബ് അംഗങ്ങളല്ലാത്തവരെ ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ക്ലബ്ബിന് മദ്യം വിളമ്പുന്ന ബാറുണ്ട്. ബാറിനുള്ളില്മാത്രം മദ്യം ഉപയോഗിക്കാനാണ് ലൈസന്‍സ്. എന്നാല്‍ ചീട്ടുകളി നടന്ന മുറിക്കുള്ളില്‍ മദ്യം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പടന്നക്കാട് ക്ലബ്ബില്‍ മുന്നൂറോളം അംഗങ്ങളുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടക്കുന്നവിവരം അറിയില്ല. അടുത്ത ജനറല്‍ബോഡി യോഗത്തില്‍ ക്ലബ്ബിലെ ചൂതാട്ടം ചോദ്യചെയ്യപ്പെടാനാണ് സാധ്യത. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും ഉച്ചക്ക്ശേഷവും വൈകുന്നേരങ്ങളിലും വിനോദത്തിനെന്ന് വീട്ടില്‍ പറഞ്ഞാണ് ക്ലബ്ബിലെത്തുന്നത്. ക്ലബ്ബില്‍ പണം വെച്ച് പുള്ളിമുറി നടത്തിയിട്ടില്ലെന്നും ടോക്കണ്പ്രകാരം റമ്മികളിയാണ് നടത്തിയതെന്നും കളിക്കാന്‍ വന്നവരുടെ കീശയിലുള്ള പണം പോലീസ് ബലമായി എടുത്തതാണെന്നും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
ബേക്കല്‍ ക്ലബ്ബില്‍ ചീട്ടുകളി: 16 പേര്‍ക്കെതിരെ കേസ്, 1,81,420 രൂപ പിടിച്ചെടുത്തു