കാഞ്ഞങ്ങാട്: ദേശീയതലത്തില്‍ നടന്ന 18-ാമത് കളരിപ്പയറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായുള്ള തുളുനാടന്‍ കളരി മര്‍മ്മാശ്രമത്തില്‍ നിന്നുള്ള കെ. സിദ്ധാര്‍ത്ഥ് ചവിട്ടിപ്പൊങ്ങല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. തുളുനാടന്‍ കളരിയില്‍ നാലാം വയസില്‍ രത്നാകരന്‍ ഗുരുക്കളുടെ കീഴില്‍ പരിശീലനം ആരംഭിച്ച സിദ്ധാര്‍ത്ഥ്, തന്‍റെ പതിനൊന്ന് വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് നാഷണല്‍ ചാമ്പ്യനായത്. ജന്മനാ ഇടതു കൈയുടെ സ്വാധീനക്കുറവ് മൂലം ഇടതുകൈ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സിദ്ധാര്‍ത്ഥ്. ഇത് ശരിയാക്കുവാന്‍ മംഗലാപുരം ഉള്‍പ്പെടെ ചികിത്സ തേടിയപ്പോള്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയില്ല എന്നും ഒന്നിലധികം സര്‍ജറികളിലൂടെ മാത്രമേ ഇതൊരു പരിധിവരെയെങ്കിലും പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഉപദേശം ലഭിച്ചു. ഇത് തടവി നേരെയാക്കുവാന്‍ കഴിയുമോ എന്നറിയുവാന്‍ നാലാം വയസില്‍ സിദ്ധാര്‍ത്ഥിനെയും കൂട്ടി അച്ഛന്‍ കാഞ്ഞങ്ങാട് തുളുനാടന്‍ കളരി മര്‍മ്മശ്രമത്തില്‍ എത്തി. എന്നാല്‍ ഇത് തടവി നേരെയാക്കാന്‍ പറ്റില്ല, കളരി അഭ്യാസ മുറകളിലൂടെ അത് ശരിയായികൊള്ളും എന്ന രത്നാകരന്‍ ഗുരുക്കളുടെ നിര്‍ദ്ദേശപ്രകാരം പിറ്റേന്ന് മുതല്‍ കളരി പരിശീലനം ആരംഭിച്ചു. പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. തുടര്‍ച്ചയായ പരിശീലനത്തിലൂടെ സിദ്ധാര്‍ത്ഥിന്‍റെ കൈ 95 ശതമാനവും നേരെയായി. കൂടാതെ സിദ്ധാര്‍ത്ഥ് നല്ലൊരു കളരി അഭ്യാസിയായി മാറുകയും ചെയ്തു. ഇതിനിടയില്‍ സംസ്ഥാന മത്സരങ്ങ ളിലടക്കം പല മത്സരങ്ങളിലും പങ്കെടുത്തു. കഴി ഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാന മത്സരത്തിലും തുടര്‍ന്ന് 2026 മാര്‍ച്ച് 27, 28, 29 തീയതികളില്‍ നടന്ന ദേശീയ മത്സരത്തിലും ചാമ്പ്യനായി. ബല്ല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് കാരാട്ട് വയലിലെ സുരേഷ്-രജിത ദമ്പതികളുടെ മകനാണ്.
കെ.സിദ്ധാര്‍ത്ഥിന് ദേശീയതലത്തില്‍ സ്വര്‍ണ്ണമെഡല്‍