നീലേശ്വരം: നീലേശ്വരത്ത് ആകാശപാത സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതി നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ പിന്തുണ ഉണ്ടാകും എന്ന് ജില്ലാ പ്രസിഡന്‍റ് എം എല്‍ അശ്വിനി പ്രഖ്യാപിച്ചു.
കര്‍മ്മസമിതി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയിലും കേന്ദ്ര സര്‍ക്കാരിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കര്‍മ്മസമിതിക്കൊപ്പം ബിജെപിയും ഉണ്ടാകുമെന്നും അശ്വനി പറഞ്ഞു. ജനകീയമായ ആവശ്യം നേടിയെടുക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നടത്തുന്ന സമരത്തെ അവര്‍ അഭിനന്ദിച്ചു.
കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച രാപ്പകല്‍ സമരം ഇന്ന് രാവിലെ 10 മണിയോടെ സമാപിച്ചു. രാപ്പകല്‍ സമരം തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ സംസാരിച്ചു. ആകാശപാതയ്ക്കായുള്ള പോരാട്ടം തുടരുമെന്ന് കര്‍മ്മസമിതി അറിയിച്ചു. സമരത്തിന്‍റെ തുടര്‍ച്ചയായി വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് 4 ന് നീലേശ്വരം നഗരസഭാ ഹാളിലും, 3000 പേര്‍ അണിനിരക്കുന്ന ജനകീയ കണ്‍വെന്‍ഷന്‍ 28ന് വൈകിട്ട് 4.30ന് മാര്‍ക്കറ്റ് ജംഗ്ഷനിലും നടക്കും. നീലേശ്വരം പഴയ പാലം പൊളിച്ച് പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ 29 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിക്കും.