മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ഇസ്മായില്‍ അന്തരിച്ചു

ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സിപിഎം നേതാവുമായിരുന്ന പാലക്കുന്നിലെ പി. ഇസ്മയില്‍ (97) അന്തരിച്ചു. കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) വിരമിച്ച ശേഷമാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ഏറെക്കാലം ഹോസ്ദുര്‍ഗ് തഹസില്‍ദാരായിരുന്നു. ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കറകളഞ്ഞ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. പി. ഇസ്മയില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഉദുമ ഡിവിഷനില്‍ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് പാലക്കുന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ രണ്ടാമത്തെ പ്രസിഡണ്ടായത്. ജില്ലകളിലെ കോട്ടകളെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. സഹോദരങ്ങള്‍: പരേതരായ യൂസഫ് (തഹസില്‍ദാര്‍), അബ്ബാസ് (സിംഗപ്പൂര്‍), അബ്ദുല്‍ റഹ്മാന്‍, ചാര്‍ളി, മുഹമ്മദ് മാങ്ങാട്, ആയിഷ ബി (കോട്ടക്കുന്ന്).