കാസര്‍കോട്ട് ദേശീയപാത സമാന്തര ഉദ്ഘാടനം നടത്തി സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ

കാസര്‍കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഒന്നാംഘട്ടം ഉള്‍പ്പെടെയുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. രാവിലെ 11ന് കാസര്‍കോട് നുള്ളിപ്പാടിയില്‍ മേല്‍പ്പാലം ആരംഭിക്കുന്ന സ്ഥലത്ത് സി.എച്ച്. കുഞ്ഞമ്പു എം. എല്‍.എയാണ് നാട മുറിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിയുടെ നാലാള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാത എന്ന് കുഞ്ഞമ്പു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ദേശീയപാത നിര്‍മ്മിച്ചത്. 6000 കോടി രൂപയാണ് കേന്ദ്രത്തിന് നല്‍കിയത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കേന്ദ്രത്തിന് പണം നല്‍കി ദേശീയപാത നിര്‍മ്മിച്ചിട്ടില്ല. ഭൂമിയുടെ നാലിരട്ടി പണമാണ് ഉടമകള്‍ക്ക് നല്‍കിയത്. ഇത്രയും പണം കൊടുത്ത് ഭൂമി വാങ്ങി ദേശീയപാത കേരളത്തില്‍ നടപ്പില്ല എന്നു പറഞ്ഞ് കേന്ദ്രം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആര്‍ജവത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയായിരുന്നു. പത്തിലധികം അവലോകനയോഗങ്ങളും പ്രശ്നപരിഹാരയോഗങ്ങളും ചേര്‍ന്നശേഷമാണ് പദ്ധതിയിലേക്ക് എത്തിയത്. സംസ്ഥാന സര്‍ക്കാറില്‍ പൊതുമരാമത്ത് വകുപ്പ് വഹിക്കുന്ന മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദ ലംഘനത്തിന് കേരളം മറുപടി നല്‍കും. ഇത് എല്‍.ഡി.എഫ് പ്രശ്നമല്ല. കേരളം മുഴുവന്‍ പ്രതിഷേധത്തിലാണ് കുഞ്ഞമ്പു പറഞ്ഞു. നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ദേശീയപാത സമാന്തരമായി എംഎല്‍എ ഉദ്ഘാടനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര മുതല്‍ വെങ്ങളം വരെ റോഡ് ഷോ നടത്തി. ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് റോഡ് ഷോ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് തന്നെ പലതവണ നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ കോഴിക്കോട് ബൈപ്പാസ് (വെങ്ങളംരാമനാട്ടുകര റീച്ച്) ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.