ആശ്രമത്തിലെത്തിയ 19 കാരിയെ കാണാതായി

കാസര്‍കോട്: ആശ്രമ സന്ദര്‍ശനത്തിനെത്തിയ 19 കാരിയെ കാണാതായതായി പരാതി. കര്‍ണ്ണാടക ഹാസന്‍ ജില്ലയിലെ ജക്കനഹള്ളി, സ്വദേശിനിയായ അക്ഷിതയെയാണ് (19) കാണാതായത്. ഇന്നലെ രാവിലെ ഉപ്പള, പത്തോടി, കൊണ്ടയൂര്‍ ആശ്രമത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ഏതാനും ദിവസം മുമ്പാണ് അക്ഷിതയും കുടുംബവും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അക്ഷിതയും കുടുംബവും കൊണ്ടയൂര്‍ ആശ്രമത്തില്‍ എത്തിയത്. രാവിലെ 10 മണിക്കും 10.30 മണിക്കും ഇടയില്‍ യുവതിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നു പറയുന്നു. സഹോദരി ഭൂമികയുടെ പരാതി പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.