കാസര്‍കോട്: ഇടതു മുന്നണിസ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍ എത്തിയതോടെ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമായി. എന്നാല്‍ വിജയത്തിന്റെ കാര്യത്തില്‍ യുഡിഎഫിനെ അശേഷം ആശങ്ക ഇല്ല കാരണം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 12,901 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് 26,376 വോട്ടായി ഉയര്‍ത്തി. ബിജെപിയുടെയും എല്‍ഡിഎഫിന്റെയും വോട്ടില്‍ മൂവായിരത്തോളം കുറവുവന്നു. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും എന്‍ഡിഎയെക്കാള്‍ 26,403 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ട്. എന്‍ഡിഎയ്ക്ക് പിന്നെയും മൂവായിരത്തോളം വോട്ട് കുറഞ്ഞു. എല്‍ഡിഎഫ് നില അല്‍പ്പം മെച്ചപ്പെടുത്തിയെങ്കിലും യുഡിഎഫിന്റെ നേര്‍പകുതി വോട്ട് മാത്രമേ എല്‍ഡിഎഫിന് ലഭിച്ചുള്ളൂ. പിന്നെന്തിന് തങ്ങള്‍ക്ക് ആശങ്കയെന്നാണ് യുഡിഎഫിന്റെ ചോദ്യം. മണ്ഡലത്തിലെ കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കളപഞ്ചായത്തുകള് യുഡിഎഫും മധൂര്‍, ബദിയടുക്ക, കുംബഡാജെ, കാറഡുക്ക, ബെള്ളൂര്എന് ഡിഎയും ഭരിക്കുന്നു. എല്‍ഡിഎഫിന് എവിടെയും പഞ്ചായത്ത് ഭരണമില്ല. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ ഇത്തവണ മാറിമറിഞ്ഞാല്‍ അതിനനുസരിച്ച് ഫലവും മാറിമറിയുന്ന സാഹചര്യം കാസര്‍കോട് മണ്ഡലത്തില്‍ മൂന്നുമുന്നണി നേതൃത്വങ്ങളും പൂര്‍ണമായി തള്ളിക്കളയുന്നില്ല. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ കല്ലട്ര മാഹിന്‍ ഹാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അതിനാല്‍ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവും അദ്ദേഹത്തിനില്ല. യാതൊരു മൂടുപടവുമില്ലാതെയാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നത്. വോട്ട് ചോദിക്കാന്‍ കൃത്രിമമായ അതിവിനയമില്ല. നാട്ടുകാര്‍തന്നെ കൈവിടില്ലെന്ന ഉറപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. മുമ്പ് കല്ലട്ര മാഹിന്റെ പിതാവ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിക്ക് അബ്ദുറഹ്മാന് ബാഖഫി തങ്ങള്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. ഉറുദു അടക്കമുള്ള ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം രാജ്യസഭയിലേക്ക് എത്തണമെന്നായിരുന്നു ബാഖഫി തങ്ങളുടെ ആവശ്യം. എന്നാ ല്‍ അദ്ദേഹം അത് നിരസിച്ചു. പകരം ഹമീദലി ഷംനാടിന്റെ പേരായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഷംനാട് രാജ്യസഭാ എംപിയാവുകയും ചെയ്തു. കാസര്‍കോട്ടെ ആ വലിയ നേതാവിന്റെ മകനാണ് പിതാവു വേണ്ടെന്ന് വെച്ച ജനപ്രതിനിധി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തലക്കനമില്ലാത്ത നേതാക്കളായിരുന്നു ഇക്കാലമത്രയും കാസര്‍കോട്ടെ എം.എല്‍എമാര്‍ അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പേരു തന്നെയാണ് കല്ലട മാഹിനെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. പച്ചപ്പാടത്ത് താമര വിരിയിക്കാനാണ് ജില്ലാ പ്രസിഡന്റായ എം.എല്‍ അശ്വിനിയെ ബി.ജെ.പി എന്‍ ഡി എ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. 48 വര്‍ഷം ഇവിടെ യുഡിഎഫിന് എംഎല്‍എ ഉണ്ടായിരുന്നില്ലേ? എന്നിട്ട് എന്തുണ്ടായി? എല്‍ഡിഎഫിന് എത്ര യോ തവണ ഇവിടെ തുടര്‍ച്ചയായി എംപി ഉണ്ടായിരുന്നല്ലോ. എന്നിട്ടും എന്തെങ്കിലും മാറ്റമുണ്ടായോ? അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു അവസരം തരൂ. അശ്വിനിയുടെ അഭ്യര്‍ഥന ഇതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അശ്വിനി മണ്ഡലത്തില്‍ 2,19,558 വോട്ടുകള്‍ നേടി, ഈ മണ്ഡലത്തില്‍നിന്ന് എന്‍ഡിഎയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥിയാണ് അശ്വിനി. മുഴുവന്‍ സമയ രാഷ്ട്രീയക്കാരി എന്നത് അശ്വിനിയുടെ ആകര്‍ഷണീയതകളിലൊന്നാണ്. തിരഞ്ഞെടുപ്പു സമയത്തു മാത്രം കളത്തിലിറങ്ങിയതല്ല അവര്‍. ജനകീയ പ്രശ്നങ്ങളിലെല്ലാം നേരത്തേ തന്നെ ഇടപെടലുണ്ട്. അത് വോട്ടായി മാറുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. ലോകസഭയിലേക്ക് മത്സരിച്ച അശ്വിനിക്ക് നിയമ സഭയിലേക്ക് കന്നിയങ്കമാണ്. അശ്വിനിയുടെ പ്രചാരണത്തിന് പ്രത്യേകതയുണ്ട്. നിശ്ചയിച്ച സ്ഥലത്ത് 30 പേരെങ്കിലും മിനിമം എത്തിയാല്‍ മാത്രമേ അവിടെ പ്രചാരണത്തിനെത്തൂ എന്നതാണ് പാര്‍ട്ടിക്ക് നല്കിയ നിര്‍ദ്ദേശം. എണ്ണം കുറഞ്ഞാല്‍ അവിടത്തെ പരിപാടി റദ്ദാക്കും. പകരം മറ്റൊരു ദിവസം നല്‍കും. പാര്‍ട്ടി സംവിധാനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ഈ പ്രചാരണശൈലി നേതൃത്വം ഉറപ്പാക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനം വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് എന്‍ഡിഎ നേതൃത്വം കരുതുന്നു. കാസര്‍കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലില്ലാത്ത വിധം ഇത്തവണ കളം നിറഞ്ഞുകളിക്കുകയാണ് എല്‍.ഡി.എഫ്. അതുതന്നെയാണ് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ ഇറക്കിയതിലൂടെ സിപിഎം ലക്ഷ്യമിട്ടതും. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെങ്കള ഡിവിഷനില്‍ നേടിയ അട്ടിമറി വിജയം നിയമസഭാ മണ്ഡലത്തിലും ആവര്‍ത്തിക്കാനാവുമെന്നാണ് ഷാനവാസിന്റെയും സിപിഎമ്മിന്റെയും കണക്ക് കൂട്ടല്‍ എന്നാല്‍ ഷാനവാസിന്റെ മത്സരം എന്‍ഡിഎയെ സഹായിക്കാനാണെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്ര നാളും മത്സരമില്ല എന്നു പറഞ്ഞ യൂഡിഎഫ് ഇപ്പോള്‍ മത്സരമുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ കൂടുമ്പോള്‍ സ്വാഭാവികമായും എന്‍ ഡിഎ ഇത്തവണ മൂന്നാമതാവും. ഷാനവാസ് പറഞ്ഞു. എന്റെ അതേപേരിലുള്ള എ.എ.ഷാനവാസ് എന്ന അപരനെ യുഡിഎഫ് ഇറക്കിയിരിക്കുന്നതുതന്നെ പരാജയഭീതി മൂലമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നാമനിര്‍ദ്ദേശ പത്രിക തയാറാക്കി കൊടുത്ത അതേ അഭിഭാഷകന് തന്നെയാണ് ഈ അപരനുവേണ്ടിയും പത്രിക തയാറാക്കിയത് യുഡിഎഫിന് നല്ല ഭയമുണ്ട് എന്നതിന്റെ തെളിവാണിത് ഷാനവാസ് പറഞ്ഞു. ഇത്രയൊക്കെ ആയാലും കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പിലുമെല്ലാം മൂന്നാമതായ ക്ഷീണം എല്‍ഡിഎഫിനുണ്ട്. പൊതുവോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കൂടുതല്‍ പിടിക്കാം എന്നാണ് ഷാനവാസ് പാദൂരിനെ ഇറക്കിയതിലൂടെ എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
കാസര്‍കോട്ടേ പച്ചപ്പാടത്ത് താമര വിരിയുമോ ?