കാറിലെ പീഡനം: അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

കരിന്തളം: കുണ്ടൂരിലെ 'നാടിനൊരു കളിക്കളം' വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബാങ്ക് ഉദ്യോഗസ്ഥന്‍ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മൂന്നംഗ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അടുത്തദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവം പുറത്തുപറഞ്ഞാല്‍ താനും ഭാര്യയും മക്കളും കൂട്ടത്തോടെ ആത്മഹത്യചെയ്യുമെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ യുവതിക്ക് നേരെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതില്‍ ചെറുതായൊന്ന് ചഞ്ചലിച്ച യുവതി അന്വേഷണ കമ്മീഷന് മുമ്പില്‍ തത്തപറയുമ്പോലെ സംഭവം വിശദീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തെളിവെടുപ്പിന് മുമ്പുതന്നെ പ്രാദേശികമായി ഒട്ടെറെ ആളുകള്‍ യുവതിക്ക് ധൈര്യം പകര്‍ന്നുനല്‍കി. എന്തുവന്നാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കി. ഇതോടെയാണ് അന്വേഷണ കമ്മീഷനുമുമ്പില്‍ മുഴുവന്‍ വിവരങ്ങളും വിശദമായി വിവരിക്കാന്‍ യുവതി തയ്യാറായത്. സംഭവം ഉണ്ടായതിന്‍റെ തൊട്ടടുത്ത ദിവസം യുവതി പ്രാദേശിക ഘടകത്തോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ സംഭവം അവര്‍ ഒതുക്കാനാണ് താല്‍പ്പര്യം കാണിച്ചത്. ഇതും അന്വേഷണ കമ്മീഷന്‍റെ അന്വേഷണപരിധിയില്‍ വന്നിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുവതിയെ പീഡിപ്പിച്ച യുവാവിന് എതിരെമാത്രമല്ല മറ്റ് പലര്‍ക്കുമെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

ടൂര്‍ണ്ണമെന്‍റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കാത്തുനിന്ന യുവതിയോട് താന്‍ വീട്ടില്‍ കൊണ്ടാക്കാമെന്ന് അയല്‍വാസികൂടിയായ ബാങ്ക് ഉദ്യോഗസ്ഥന്‍ വാഗ്ദാനം ചെയ്തു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെ മറ്റൊന്നും സംശയിക്കാതെ യുവതി കാറില്‍കയറി. വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡനശ്രമം ഉണ്ടായത്. യുവതി ഒച്ചവെച്ച് ചെറുത്തുനിന്നു. ഇതോടെ തന്‍റെ ഇംഗിതത്തിന് വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അയല്‍വാസി യുവതിയെ വീട്ടിലിറക്കി തടിതപ്പുകയാണുണ്ടായത്. യുവതി പോലീസില്‍ പരാതി നല്‍കുമെന്ന് സൂചനകിട്ടിയതോടെ ചില നേതാക്കള്‍ ഇടപെട്ട് യുവാവിനെ കൊണ്ട് മാപ്പുപറയിച്ച് സംഭവം ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനം കേവലം മാപ്പില്‍ ഒതുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് കൈമാറുന്നതോടെ ഇതുവരെ രഹസ്യമാക്കി വെച്ചിരുന്ന കാറിലെ പീഡനം വലിയവിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് സൂചന.