അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്കാഘാതം; ചികിത്സാപ്പിഴവെന്ന് ആരോപണം

പയ്യന്നൂര്‍: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുഞ്ഞിന്‍റെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ അനസ്തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലായ് 5 നാണ് സംഭവം നടന്നത്. വീഴ്ചയില്‍ ചുണ്ടിനും താടിക്കുമായി ഉണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. വൈകുന്നേരത്തോടെ അനസ്തേഷ്യ ഡോക്ടറെത്തി വാര്‍ഡില്‍ വെച്ച് മാതാവിന്‍റെ മടിയിലിരുന്ന കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. ഇഞ്ചക്ഷന്‍ നല്‍കിയ ഉടന്‍ തന്നെ കുട്ടി ബോധരഹിതനാവുകയും കണ്ണ് മുകളിലേക്ക് മറിയുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ അവസ്ഥയില്‍ മാറ്റമില്ലാതെ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളോ ശാസ്ത്രീയ പരിശോധനകളോ കുഞ്ഞിന്‍റെ ആരോഗ്യ ചരിത്രമോ നോക്കാതെയാണ് അനസ്തേഷ്യ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. നിലവില്‍ ചികിത്സാപ്പിഴവ് എന്ന ആരോപണം ആശുപത്രി അധികൃതര്‍ പ്രാഥമികമായി നിഷേധിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്‍റെ മാനസികാവസ്ഥ പരിഗണിച്ചു കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് നല്‍കാമെന്നാണ് അവരുടെ നിലപാട്. കുഞ്ഞിന്‍റെ കുടുംബം നീതി തേടി പോലീസിനെ സമീപിച്ചിട്ടുണ്ട്.