നീലേശ്വരം സര്‍വ്വീസ് റോഡ് നിര്‍മ്മാണം 22 നകം പൂര്‍ത്തിയാക്കാന്‍ ആര്‍ഡിഒയുടെ അന്ത്യശാസനം

കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ ഈ മാസം 22 ന് പൂര്‍ത്തീകരിക്കണമെന്ന് കാഞ്ഞങ്ങാട് ആര്‍ഡിഒ നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന് അന്തിമനിര്‍ദ്ദേശം നല്‍കി. സര്‍വ്വീസ് റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നും അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി ആര്‍ഡിഒയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ആര്‍ഡിഒ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് ആര്‍ഡിഒ നിര്‍മ്മാണ കമ്പനിക്ക് അന്തിമനിര്‍ദ്ദേശം നല്‍കിയത്. നേരത്തെ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാത്തതിനെതിരെ ജനകീയ സമരസമിതി ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ജൂണ്‍ 22 നകം പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാണകമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ വാഹനങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ച മണല്‍പാലത്തിലൂടെ കയറ്റിവിടണമെന്ന് നിര്‍മ്മാണകമ്പനി ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജനകീയ കര്‍മ്മസമിതിയും ജനകീയ സമിതിയും ഈ ആവശ്യം അംഗീകരിക്കുകയും ജൂണ്‍ 22 വരെ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനെ തുടര്‍ന്നാണ് നഗരസഭ ജനകീയ കര്‍മ്മസമിതി പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ ആര്‍ഡിഒ ഓഫീസില്‍ ചര്‍ച്ചനടത്തിയത്. ആര്‍ഡിഒ കെ ആര്‍ മനോജിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, കണ്‍വീനര്‍ ഇ.ഷജീര്‍, രക്ഷാധികാരി മാമുനി വിജയന്‍, നഗരസഭാ കൗണ്‍സിലര്‍ പി.വി.സതീശന്‍, ആര്‍ഡിഒ ഓഫീസ് സൂപ്രണ്ട് ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ പി.കെ.പ്രമേനന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.തുളസിരാജ്, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, ദേശീയപാതാ അതോററ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.