ഡോക്ടര്‍മാരില്ല, കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കരിന്തളം: പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തത് കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ചികിത്സയ്ക്കായി എത്തുന്ന നൂറുകണക്കിന് സാധാരണക്കാരും നിര്‍ധനരുമായ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ് കോയിത്തട്ടയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം. മുമ്പ് വൈകീട്ട് ആറു മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമാണ് ചികിത്സ ലഭിക്കുന്നത്. പല ദിവസങ്ങളിലും ഒരു ഡോക്ടര്‍ മാത്രമാണ് സേവനത്തിനുള്ളത്. ഇതുമൂലം രോഗികളുടെ തിരക്ക് നിയന്ത്രിക്കാനാകാതെ പലര്‍ക്കും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്നു. 'ഡോക്ടറുടെ സേവനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രണ്ടുമണിവരെ മാത്രം എന്ന ബോര്‍ഡ് വെച്ച് തടിയൂരുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്'. മുമ്പ് പ്രതിദിനം ശരാശരി നാല് ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിച്ചിരുന്ന ആശുപത്രിയില്‍ ദിവസേന 250ഓളം രോഗികളാണ് ചികിത്സ തേടിയെത്തിയിരുന്നത്. എന്നാല്‍ നിലവിലെ ഡോക്ടര്‍മാരുടെ കുറവ് സേവനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ദൂരപ്രദേശങ്ങളില്‍ നിന്ന് വൈകുന്നേരം വരെ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എത്തുന്ന രോഗികള്‍ ആശുപത്രിയിലെത്തിയ ശേഷമാണ് ഡോക്ടര്‍ ഇല്ല എന്ന വിവരം അറിയുന്നത്. ഇതോടെ ചികിത്സ ലഭിക്കാതെ രോഗികള്‍ മടങ്ങേണ്ടിവരുന്നു. ആശുപത്രിയില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസര്‍ പോലും നിലവിലില്ല. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ നിന്ന് ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് മെഡിക്കല്‍ ഓഫീസര്‍ എത്തുന്നത്. ഇതുമൂലം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മുമ്പ് ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നുവെന്നുമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ആസ്ഥാനത്തിന് തൊട്ടു ചേര്‍ന്ന് തന്നെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും ജനങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം, ആശുപത്രിയിലെ സേവനങ്ങള്‍ കുറച്ചത് സ്വകാര്യ ക്ലിനിക്കുകളെ സഹായിക്കാനാണെന്ന ആരോപണവും ജനങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മടങ്ങുന്നവര്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. അവിടെ ഡോക്ടര്‍ ഫീസും പരിശോധനാ ചെലവുകളും ഉള്‍പ്പെടെ ചികിത്സയ്ക്ക് ഏകദേശം 1,500 രൂപയോ അതിലധികമോ ചെലവാകുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കൂണുകള്‍ പോലെ സ്വകാര്യ ക്ലിനിക്കുകള്‍ വര്‍ദ്ധിച്ചുവരുകയാണ്. ജനങ്ങളുടെ ദുരിതം രൂക്ഷമായിട്ടും ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളോ വിവിധ യുവജന സംഘടനകളോ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നില്ലെന്നതും നാട്ടുകാരില്‍ അതൃപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറെ നിയമിക്കുകയും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് വൈകുന്നേരം വരെ ചികിത്സാ സേവനം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.