നടന്‍ പ്രേംകുമാര്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍; കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറക്കിവിട്ട നടന്‍ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ച് യുഡിഎഫ് സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് നടന്‍ രവീന്ദ്രനെ പരിഗണിച്ചതിന് പിന്നാലെയാണ് പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയര്‍മാനായി നിയമിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പറ്റ നാരായണനെ സര്‍ക്കാര്‍ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം.പി.സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. ഗായകന്‍ ജി.വേണുഗോപാലിനെയാണ് സംഗീത, നാടക അക്കാദമി ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്. ഹേമന്ത്കുമാറാണ് വൈസ് ചെയര്‍മാന്‍. എന്‍.വി.പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ വൈസ് ചെയര്‍മാനായി ആലപ്പി അഷറഫിനെ നിയമിച്ചു. കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്‍റെ ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവായ എം.രഞ്ജിത്തിനെ നിയമിച്ചു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി ആനിമേറ്ററും പ്രൊഡക്ഷന്‍ ഡിസൈനറുമായ പ്രഫ.പ്രകാശ് മൂര്‍ത്തി ചുമതലയേല്‍ക്കും. ടി. ആര്‍. ഉദയകുമാര്‍ വൈസ് ചെയര്‍മാനാകും. വൈക്കം എം.കെ.ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി. ഫോക്ലോര്‍ അക്കാദമിയുടെ ചെയര്‍മാനായി സുരേഷ് ബാബു എളയാവൂര്‍ സ്ഥാനമേല്‍ക്കും. ശ്രീരാമന്‍ കൊയ്യോനാണ് വൈസ് ചെയര്‍മാന്‍. പ്രദീപ്കുമാര്‍ എം. പയ്യന്നൂര്‍ പുതിയ മെമ്പര്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.