നഗരസഭയില്‍ അവിശ്വാസപ്രമേയത്തിന് അണിയറയില്‍ ആലോചന

കാഞ്ഞങ്ങാട്: ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ ഭരണകക്ഷിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫില്‍ ആലോചന തുടങ്ങി. ലീഗ് നേതൃത്വം ചില എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ രഹസ്യമായി സമീപിച്ചതായി സൂചനയുണ്ട്. എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുസ്ലീംലീഗുമായി മാനസീകമായി അടുപ്പം കാണിക്കുന്നവരെയാണ് സമീപിച്ചത്. ഒരാളെ എല്‍ഡിഎഫിലേക്ക് കാലുമാറ്റിയാല്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പിന്തുണവാങ്ങാമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ മുന്നണി സംവിധാനത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാണ്. കൂറുമാറിയാല്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെടും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടാന്‍ മുസ്ലീംലീഗ് എന്ത് സാഹസത്തിനും തയ്യാറാവും. ഗള്‍ഫുകാരുടെ സഹായത്തോടെ എത്രപണവും ഇറക്കും. ഇടത് സ്വതന്ത്രരുണ്ടെങ്കില്‍ ലക്ഷ്യം സാധ്യമാവുമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യം നഗരസഭയിലില്ലത്രെ. പുതിയ ഭരണസമിതി നിലവില്‍ വന്ന് ആറുമാസം കഴിഞ്ഞാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരാമെന്നാണ് ചട്ടം. ആറുമാസത്തോട് അടുക്കുന്ന മുറയ്ക്ക് അവിശ്വാസപ്രമേയം അവതരിപ്പിക്കണമെന്നാണ് മുസ്ലീംലീഗിന്‍റെ ആഗ്രഹം. വൈകാതെ അത് സാധ്യമാക്കാമെന്ന് മുസ്ലീംലീഗ് കണക്കുകൂട്ടുന്നു. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്ന് സാഹസപ്പെട്ട് ഭരണം പിടിക്കുന്നതില്‍ മുസ്ലീംലീഗിലെ ഒരുവിഭാഗത്തിന് താല്‍പ്പര്യമില്ല. ഭരണം കിട്ടിയാല്‍ എം.പി. ജാഫറാണ് ചെയര്‍മാനാവേണ്ടത്. ജാഫറിനോട് താല്‍പ്പര്യമില്ലാത്തവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിക്കാത്ത വിഭാഗം.