പെരിയ ഇരട്ടക്കൊലക്കേസ്; നാല് പ്രതികളുടെ പരോള്‍ തടഞ്ഞു

പെരിയ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിനു പിന്നാലെ നാലു പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി അധികൃതര്‍ തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തുവിടില്ല. ആറ് പ്രതികള്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ട പരോള്‍ വിവാദമായത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിരുന്നു. പരോള്‍ അനുവദിച്ചതിലെ വസ്തുതകള്‍ സമഗ്രമായി അന്വേഷിക്കാനായിരുന്നു നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരോള്‍ അനുവദിച്ചതിനു പിന്നാലെ കേസിലെ അഞ്ചു പ്രതികള്‍ മെയ് 18 നും ഒരു പ്രതി 20നുമാണ് പുറത്തിറങ്ങിയത്.

കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സി. പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായാണ് പരോള്‍ അനുവദിച്ചതെന്നാണ് ആരോപണം. ഒന്നാംപ്രതി പീതാംബരന് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നുതവണയും മറ്റ് പ്രതികള്‍ക്ക് രണ്ടുതവണ വീതവും പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടു മുമ്പായാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. 20 ദിവസത്തെ പരോള്‍ ആണ് ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ബിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചിരുന്നു. നാലു മാസത്തിനകം മൂന്നാമത്തെ പരോള്‍ ആണിതെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി 17നാണ് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസില്‍ സുബീഷ്, സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ യുള്ളവരാണ് കേസിലെ പ്രതികള്‍. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു.