കെ.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ജന്മഭൂമിയുടെ ആരംഭം മുതല്‍ പത്രപ്രവര്‍ത്തനം തുടങ്ങി. ഔദ്യോഗികമായി വിരമിച്ച ശേഷം തിരുവനന്തപുരത്ത് റസിഡന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ടു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തില്‍. തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ കുഴഞ്ഞുവീണു. ചികിത്സയിലിരിക്കെ രാത്രിയോടെ ബോധക്ഷയമുണ്ടായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1968 ല്‍ തളിപ്പറമ്പില്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ആര്‍ എസ് എസ് ശിബിരത്തില്‍ കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തിരുന്നു. പിന്നീട് ഉറച്ച സ്വയം സേവകനായിമാറി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍കോട്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവമോര്‍ച്ചയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കണ്‍വീനര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡ്വൈസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.