വിവാഹ വാഹനം തടഞ്ഞത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം

ബേഡകം: സഹോദരന്‍റെ മകന്‍റെ വിവാഹവാഹനം തടഞ്ഞത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മാരകായുധവുമായി ആക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. ബേഡടുക്ക ചെമ്പക്കാട്ടെ ടി. രാമന്‍റെ മകന്‍ ആര്‍. മണികണ്ഠന്‍ (49) നല്‍കിയ പരാതിയില്‍ ചെമ്പക്കാട്ടെ രാഹുലിനെതിരെയാണ് പോലീസ് കേസെടുത്തത്. 22ന് രാത്രി 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി കമ്പിപ്പാരയുമായി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. പരാതിക്കാരന്‍റെ സഹോദരന്‍റെ മകന്‍റെ വിവാഹവാഹനം പ്രതി തടഞ്ഞത് മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.