മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ മെയ് 22, 23 തീയ്യതികളില്‍ കലശം

കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ആരാധനാലയങ്ങളില്‍ പ്രസിദ്ധമായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ കലശം കുറിച്ചു. അകത്തെ കലശ ചടങ്ങുകള്‍ മെയ് 22 നും പുറത്തെ കലശ ചടങ്ങുകള്‍ മെയ് 23 നുമാണ് നടക്കും. കലശോത്സവത്തിന്‍റെ ഭാഗമായുള്ള ഓല കൊത്തല്‍ ചടങ്ങ് മെയ് 19 ന് രാവിലെ 7.50 മുതല്‍ 8.40 വരെ അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര് എന്നിവിടങ്ങളില്‍ ആചാരവിധിപ്രകാരം നടക്കും. ക്ഷേത്രത്തില്‍ ഇന്ന് ജന്മകണിശന്‍ വിനോദ് കപ്പണക്കാലിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രശ്നചിന്തയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചത്. ചടങ്ങില്‍ മൂലച്ചേരി നായരച്ഛന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം.ജയദേവന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം എന്‍.വി.ബേബിരാജ്, കുമ്മണാര്‍കളരി മൂത്തഗുരുക്കള്‍, മടിയന്‍കര്‍ണ്ണമൂര്‍ത്തി, മടിയന്‍ചിങ്കം, മടിയന്‍പുല്ലൂരാന്‍, പാറക്കാടന്‍, പടിഞ്ഞാറ്റെന്‍, ആലന്തട്ട ആശാരി, കലശം എഴുന്നള്ളിക്കുന്ന കളരികളിലുള്ളവര്‍, ആചാരസ്ഥാനികര്‍, ക്ഷേത്ര ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തില്‍ മെയ് 22ന് അകത്തെ കലശ നാളില്‍ രാത്രി പെരളം വയലില്‍ കലശം, അടോട്ട് മൂത്തേടത്ത് കുതിര് കലശം, കിഴക്കും കര എളേടത്ത് കുതിര് കലശം എന്നീ മൂന്ന് കലശങ്ങളും മണാളന്‍, മണാട്ടി, മാഞ്ഞാളഅമ്മ എന്നീ മൂന്ന് തെയ്യങ്ങളും അരങ്ങിലെത്തും. മെയ് 23ന് പുറത്തെ കലശ നാളില്‍ വൈകിട്ട് പെരളം വയലില്‍, അടോട്ട് മൂത്തേടത്ത് കുതിര് എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര എളേടത്ത് കുതിര് മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളരിയിലെ രണ്ട് കലശങ്ങളും അടക്കം 6 കലശങ്ങള്‍ ഭക്തജന ആരവത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നതോടൊപ്പം ക്ഷേത്രപാലകന്‍, കാളരാത്രി, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും. ഒപ്പം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കോവ സമര്‍പ്പണവും നടക്കും.