ചെറുവത്തൂര്‍: വലിയപറമ്പ് പഞ്ചായത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോയതായി പരാതി. മാവിലാക്കടപ്പുറം, ബീച്ചാരക്കടവ്, പട്ടേല്കടപ്പുറം, വലിയ പറമ്പ, വലിയപറമ്പ പാലം എന്നിവിടങ്ങളില്‍ പഞ്ചായത്ത് സ്ഥാപിച്ച സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററികളാണ് മോഷണം പോയത്. തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ബാറ്ററികള്‍ മോഷണം പോയതായുള്ള കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വലിയപറമ്പ പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണ്‍ നല്കിയ പരാതിയില്‍ പറയുന്നു. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഏതെങ്കിലും വാഹനത്തില്‍ എത്തിയ സംഘമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
സോളാര്‍ തെരുവുവിളക്കുകള്‍ മോഷണം പോയി