ഹണിട്രാപ്പ് കേസ് ബദിയഡുക്ക സ്റ്റേഷനില്‍ നിന്ന് വിദ്യാനഗറിലേക്ക് മാറ്റി

കാസര്‍കോട്: യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തിയ ശേഷം ഒരു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗര്‍ സ്റ്റേഷനിലേക്ക് മാറ്റി. പുത്തൂര്‍, വിട്ള, സേറാജെ സ്വദേശിയായ 37കാരന്‍ നല്‍കിയ പരാതിയിലാണ് ബദിയഡുക്ക പോലീസ് കേസെടുത്തിരുന്നത്. ഉക്കിനടുക്കയില്‍വെച്ച് ആഗസ്റ്റ് 29 ന് വൈകുന്നേരം ഒരു സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോവുകയും ചെര്‍ക്കളയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് പൂട്ടിയിടുകയും വിവസ്ത്രനാക്കിയ ശേഷം കുട്ടിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്നാണ് യുവാവ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ പരാതിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. യുവാവിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തെ കണ്ടെത്താന്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.