ജി ബി ജി നിക്ഷേപ തട്ടിപ്പ്: സിബിഐ വരുമെന്ന പ്രതീക്ഷയില്‍ ഇരകള്‍

കാസര്‍കോട്: കോടികളുടെ വെട്ടിപ്പ് നടത്തിയ കുണ്ടംകുഴി ജി ബി ജി നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാന്‍ സി ബി ഐ എത്തുമെന്ന പ്രതീക്ഷയിലാണ് പണം നഷ്ടപ്പെട്ടവര്‍.

കാസര്‍കോട് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ദക്ഷിണ കന്നഡ ജില്ലയിലുമായി ഏതാണ്ട് 500 കോടിയില്‍പ്പരം രൂപയുടെ വെട്ടിപ്പാണ് ഇവിടെ നടന്നത്. കേസിന്‍റെ അന്വേഷണത്തില്‍ വന്‍ വീഴ്ചകളും ഇടപെടലുകളും നടന്നിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കോടോത്തിന്‍റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി. ആയിരക്കണക്കിന് ആളുകള്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. കോടികളുടെ വെട്ടിപ്പുകളായതിനാല്‍ ബി.യു.ഡി.എസ് (ബാനിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം സ്) നിയമം കേസില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ നൂറു കണക്കിനു പേര്‍ തട്ടിപ്പിനു ഇരയായിട്ടും ബേഡകം പോലീസ് 32 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ലഭിച്ച പരാതികളെല്ലാം പരസ്പരം കൂട്ടി കെട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതു തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. ഒരു ലക്ഷംരൂപയ്ക്ക് 10 മാസം കൊണ്ട് 80,000 രൂപ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് ജി ബി ജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്) ക്കെതിരായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പറയുന്നത്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി ലാഭ വിഹിതവും പലിശയും നല്‍കി വിശ്വാസ്യത പിടിച്ചുപ്പറ്റിയാണ് തട്ടിപ്പ് വ്യാപകമായി നടത്തിയത്. നിക്ഷേപകരുടെ പണം ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചുവെന്നും അതിനായി സ്വന്തമായി ക്രിപ്റ്റോ കറന്‍സി ഉണ്ടാക്കിയെന്നും വിശ്വസിപ്പിച്ചായിരുന്നു കോടിക്കണക്കിന് രൂപ കൈക്കലാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബേഡകം പോലീസാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പു പുറത്തായതോടെ നൂറുകണക്കിന് പരാതികള്‍ ഒഴുകിയെത്തി. ഇതോടെ 2023 ജനുവരിയില്‍ ജിബിജി ചെയര്‍മാന്‍ ഡി വിനോദ് കുമാറിനെയും ഡയറക്ടരര്‍മാരെയും ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതികളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്നാല്‍ കേസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയത്. സംഭവത്തില്‍ ഉചിതമായ നിലപാട് കൈകൊള്ളുമെന്ന ആഭ്യന്തര മന്ത്രിയുടെ ഉറപ്പാണ് സിബിഐ അന്വേഷണം വരുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്നത്.