ഡോ.സാലിഹ് മുണ്ടോള്‍ പുരസ്ക്കാരം ഡോ.വിദ്യാ മോഹന്‍ദാസ് റൈക്ക് സമ്മാനിച്ചു

ഉദുമ: ഉദുമയുടെ ജനകീയ ഡോക്ടര്‍ സാലിഹ് മുണ്ടോളിന്‍റെ പേരില്‍ ഉദുമ ഡോ.സാലിഹ് മുണ്ടോള്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ഡോ. വിദ്യാ മോഹന്‍ദാസ്റൈക്ക് സമ്മാനിച്ചു. ഉദുമ പള്ളം റീഡ് മസ്ജിദിന് സമീപം അല്‍ ഫിത്റ പ്രീ സ്കൂള്‍ ഹാളില്‍ 'ഹൃദയത്തിലാണ് ഡോക്ടര്‍' എന്ന പേരില്‍ നടന്ന പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.സി.പി ഷാജി പുരസ്കാര വിതരണവും പരിസ്ഥിതി പ്രഭാഷണവും നടത്തി. ചെയര്‍മാന്‍ പി.കെ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്ക് ഡോ.സാലിഹ് മുണ്ടോളിന്‍റെ പേരിലുളള പ്രോത്സാഹന പുരസ്കാരം കുതിരക്കോട്ടെ നിഹാല്‍ മഹേഷ്, ബാരയിലെ ടി.കണ്ണന്‍ എന്നിവര്‍ക്ക് എഞ്ചിനീയര്‍ എ.കെ മുണ്ടോള്‍ സമ്മാനിച്ചു. ജയന്തി അശോകന്‍, മുരളി പള്ളം എന്നിവര്‍ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുകുമാരി ശ്രീധരന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാപ്പില്‍ മുഹമ്മദ് ഷിയാസ്, പി വി കൃഷ്ണന്‍, ഡോ.കെ അബൂബക്കര്‍, ഡോ. മണികണ്ഠന്‍ നമ്പ്യാര്‍, ഡോ.നൗഫല്‍ കളനാട്, കേവീസ് ബാലകൃഷ്ണന്‍, ബിഎം സാദിഖ്, ടി.വി അബ്ദുല്ല കാപ്പില്‍, മറിയം സാലിഹ്, സാജിത സാലിഹ്, പ്രൊഫ. സാഹിറ റഹ്മാന്‍, ഡോ.ആമിന മുണ്ടോള്‍, എംഎ ഹസ്സന്‍, ഗോപി ഉദുമ എന്നിവര്‍ സംസാരിച്ചു.

പുരസ്കാര തുകയായ പതിനായിരം രൂപ ഡോ. വിദ്യാ മോഹന്‍ദാസ്റൈ ഡോ.സാലിഹ് മുണ്ടോള്‍ അനുസ്മരണ സമിതിയുടെ തുടര്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന നല്‍കി. കണ്‍വീനര്‍ ശ്രീജ പുരുഷോത്തമന്‍ സ്വാഗതവും അബ്ദുല്ലക്കുഞ്ഞി ഉദുമ നന്ദിയും പറഞ്ഞു. ഉഡുപ്പി താലൂക്കിലെ സിര്‍വാകോടു സ്വദേശിയായ ഡോ. വിദ്യാ മോഹന്‍ദാസ് റൈ 1990 മുതല്‍ കാസര്‍കോട് ജില്ലയിലെ നാട്ടക്കല്ലില്‍ ഭര്‍ത്താവ് മോഹന്‍ദാസ് റായിയോടൊപ്പം രത്നാ ക്ലിനിക്കില്‍ തന്‍റെ ആരോഗ്യ സേവനം തുടര്‍ന്നു വരുന്നു. ആരോഗ്യ സംവിധാനം തീരെ ഇല്ലാതിരുന്ന അടിസ്ഥാന സൗകര്യങ്ങളായിരുന്ന റോഡ്, വൈദ്യുതി ഇവയൊന്നും തൊട്ടുതീണ്ടാത്ത നാട്ടക്കലിലെ കുന്നും, മലയും താണ്ടി മൈലുകള്‍ സഞ്ചരിച്ചാണ് ഓരോ വീട്ടിലെയും രോഗികളെ പരിശോധിച്ചിരുന്നത്. ചിമ്മിനി വിളക്കിന്‍റെ വെളിച്ചത്തിലടക്കം 500 ഓളം പ്രസവങ്ങള്‍ ഒരു തടസ്സവുമില്ലാതെ നടത്തികൊടുക്കാനായിട്ടുണ്ട്. വിവിധ സംഘടകളുടെ സഹകരണത്തോടെ ഗ്രാമവാസികള്‍ ക്കായി ആരോഗ്യ ബോധവല്‍ക്കര ണ പരിപാടി നിരന്തരം നടത്തി ജീവിത ശൈലീരോഗമായ പ്രമേഹത്തിനും മറ്റുമെതിരെ തുടര്‍ച്ചയായി പോരാട്ടം തുടരുന്നു. അതോടൊപ്പം സ്ത്രീ ശാക്തീകരണം, ശിശു പരിപാലനം എന്നീ മേഖലകളിലും യക്ഷഗാന താള മദ്ദളത്തിലും തന്‍റെ വിലപ്പെട്ട സേവനം നല്‍കി കൊണ്ടിരിക്കുന്നു.