വേഷം മാറിവന്ന കുമ്പള എസ്ഐ മണല്‍ലോറി പിടികൂടി, ഡ്രൈവറെ അറസ്ററുചെയ്തു

കുമ്പള: വേഷം മാറിയെത്തിയ കുമ്പള എസ്ഐ അനന്തകൃഷ്ണന്‍ അനധികൃതമായി കടത്തുകയായിരുന്ന പൂഴിയും അതു കടത്താനുപയോഗിച്ച ടിപ്പറും പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റുചെയ്തു. ടിപ്പര്‍ ഉടമയും ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അര്‍ദ്ധരാത്രി ഷിറിയ പുഴയിലെ പാച്ചാണിയില്‍ നിന്നും കടത്തിക്കൊണ്ടുപോവുകയായിരുന്ന പൂഴിലോറിയാണ് എസ്ഐയും സംഘവും പിടിച്ചെടുത്തത്. കാറില്‍ വേഷം മാറിവന്ന കുമ്പള എസ്ഐ വഴിയില്‍ വെച്ച് ടിപ്പര്‍ തടഞ്ഞ് ഡ്രൈവര്‍ ബന്തിയോട് അടുക്കയിലെ മനോജ് കുമാറിനെ (26) അറസ്റ്റ് ചെയ്യുകയായിരുന്നു. ടിപ്പര്‍ ഉടമ ഒളയത്തെ സലിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. മണല്‍കടത്തിന് ഡ്രൈവറെ പ്രേരിപ്പിച്ചുവെന്നതിനാണ് ഇവര്‍ക്കെതിരെ കേസ്.