എച്ച്.ദിനേശ് ലാന്‍റ് റവന്യൂ കമ്മീഷണര്‍

കാഞ്ഞങ്ങാട്: ഭരണമാറ്റത്തെ തുടര്‍ന്ന് ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി നടന്നു. 50 ഓളം പ്രധാന തസ്തികകളിലാണ് മാറ്റം. കാഞ്ഞങ്ങാട് സ്വദേശി എച്ച്.ദിനേശനെ ലാന്‍റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ദുരന്തനിവാരണ കമ്മീഷണറുടെ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും. റവന്യൂവകുപ്പില്‍ ക്ലാര്‍ക്കായിരുന്ന എച്ച്.ദിനേശ് അതേ വകുപ്പിന്‍റെ അത്യുന്നതപദവിയിലെത്തിയെന്നതാണ് പ്രത്യേകത. കാസര്‍കോട് കലക്ട്രേറ്റിലാണ് അദ്ദേഹം ക്ലാര്‍ക്കായി ചുമതലയേറ്റത്. പിന്നീട് ദീര്‍ഘകാലം ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലായിരുന്നു. 2013 കേരള കേഡര്‍ ബാച്ചില്‍ ഐഎഎസ് നേടി. കൊമേഴ്സില്‍ ബിരുദവും കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു. നേരത്തെ കാസര്‍കോട് എഡിഎം, ഇടുക്കി ജില്ലാ കളക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് കുശാല്‍നഗര്‍ സ്വദേശിയാണ്. നീലേശ്വരം സ്വദേശിയായ എന്‍.ദേവീദാസ് തദ്ദേശ ഭരണഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പദവി തുടരും. ന്യൂനപക്ഷ ക്ഷേമഡയറക്ടറുടെ അധികചുമതലയും വഹിക്കും.