യുഡിഎഫ് യോഗത്തില്‍ മുസ്ലീംലീഗ് പങ്കെടുക്കില്ല

മലപ്പുറം: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്ലിം ലീഗ്. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്.യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് ലീഗ് അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്ലിം ലീഗിന്‍റെ യോഗം പാണക്കാട് വെച്ച് നടക്കും. യോഗത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കൂ. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് ഫലം വന്നശേഷം എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തില്‍ തീരുമാനിച്ചത്.തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് മിന്നുന്ന വിജയം കാഴ്ച്ച വെച്ചെങ്കിലും പത്ത് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന്‍റെ നിലപാടില്‍ മുസ്ലീം ലീഗിന് കടുത്ത അമര്‍ഷമാണുള്ളത്. അത് അവര്‍ പ്രകടമാക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മുസ്ലീംലീഗിന്‍റെ താല്‍പര്യം ഇക്കാര്യം മുസ്ലീം ലീഗ് പരസ്യമായിത്തന്നെ പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീം ലീഗ് ഇടപെണ്ടയെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം മുസ്ലീം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.