ട്രോളിങ് നിരോധനം: വിപണിയിലെത്തുന്നത് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങള്‍

കാഞ്ഞങ്ങാട്: ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ ഫ്രഷ് മത്സ്യങ്ങളുടെ വരവ് നിലച്ചു. ഇതോടെ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത് മാരകമായ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള പഴകിയ മത്സ്യങ്ങള്‍. ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനകം തന്നെ ഇതുസംബന്ധിച്ച് മത്സ്യഭക്ഷ്യപ്രേമികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 52 ദിവസമാണ് ട്രോളിങ് നിരോധനം. മാരകമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത പഴകിയ മത്സ്യങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്തുടനീളം പരിശോധന നടത്തുകയും വിവിധ ഇടങ്ങളില്‍ നിന്നായി പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു. കണ്ണുകള്‍ മങ്ങിയതും ചാരനിറവുമായിരിക്കും പഴകിയ മത്സ്യങ്ങളുടെ ലക്ഷണമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. മത്സ്യങ്ങളുടെ ചെകിളപ്പൂക്കള്‍ പരിശോധിച്ചാല്‍ തന്നെ പഴകിയതാണോ എന്ന് തിരിച്ചറിയാനാവും. ഫോര്‍മാലിന്‍, അമോണിയ എന്നീ രണ്ട് രാസപദാര്‍ത്ഥങ്ങളാണ് മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നത്. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ ചീഞ്ഞുപോകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മാരകമായ രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത് ഉപയോഗിച്ചാല്‍ മീനുകള്‍ കുടുതല്‍ ദിവസം കേടുകൂടാതെ നില്‍ക്കും. പക്ഷേ ഇത് മനുഷ്യരില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മീനില്‍ ഇടുന്ന ഐസ് പെട്ടെന്ന് അലിഞ്ഞുപോകകാതിരിക്കാനാണ് അമോണിയ ഉപയോഗിക്കുന്നത്. ഇത് ഇട്ടുകഴിഞ്ഞാല്‍ മത്സ്യത്തിന് തിളക്കവും പുതിയതുപോലെ തോന്നുകയും ചെയ്യും. അമോണിയ കലര്‍ന്ന മത്സ്യം കഴിച്ചാല്‍ മനുഷ്യശരീരത്തിലെ കരളിനും കുടലിനും കേടുപാടുകള്‍ സംഭവിക്കും. അതേസമയം, ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പഴകിയ മത്സ്യങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ തീപിടിച്ച വിലയാണ്.