അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചത് വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

രാജപുരം : ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ചാമുണ്ഡിക്കുന്നിലെ വിജയകുമാര്‍ (56)കടന്നല്‍ കുത്തേറ്റ് മരിച്ചത് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ. ഇന്നലെ രാവിലെ തുമ്പോടിയിലെ പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് വിജയകുമാറിനും കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റത്. മണ്‍പുറ്റില്‍ കൂടു കൂട്ടിയ കടന്നലുകളാണ് വിജയകുമാറിനേയും ജോലിക്കാരേയും കുത്തിയത്. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വിജയകുമാര്‍ കുഴിയില്‍ വീണതോടെ കടന്നലുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിജയകുമാറിനെ ഉടന്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി അധ്യാപന രംഗത്ത് സജീവമായിരുന്ന വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഈ മാസം 31 ന് വിജയകുമാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കുകയായിരുന്നു. പരേതനായ ചന്ദ്രശേഖരന്‍ നായര്‍ രത്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കള്‍: അഞ്ജന അഖില്‍, വിഷ്ണു വിജയന്‍. മരുമകന്‍: ഡോ:അഖില്‍.