വീട്ടിലെത്തിയ പെണ്‍കുട്ടിയെ കയറിപിടിച്ച യുവാവിനെതിരെ പോക്സോ

പയ്യന്നൂര്‍: വീട്ടിലേക്ക് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപിടിച്ച് മാനഭംഗപ്പെടുത്തിയ കേസില്‍ സജീവ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു. പെരിങ്ങോത്തെ സിപിഎം പ്രവര്‍ത്തകനായ ഹരീഷ് നെല്ലൂരിനെയാണ് പോക്സോ കുറ്റം ചുമത്തി പെരിങ്ങോം എസ്ഐ ഖദീജയും സംഘവും അറസ്റ്റുചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹരീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്തോ സാധനം നല്‍കാനായി ഹരീഷിന്‍റെ വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടിയോട് അടുക്കളയില്‍ കൊണ്ടുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി അടുക്കളയിലേക്ക് ചെന്നപ്പോള്‍ ഹരീഷ് പിറകിലൂടെ ചെന്ന് കയറിപിടിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ ഹരീഷിന്‍റെ കുട്ടികളും വല്യച്ചനും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. അവരറിയാതെയാണ് പീഡനശ്രമം നടത്തിയത്. സംഭവം പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.