കാസര്‍കോട്: ചികിത്സാപിഴവിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് ആരംഭിച്ചത്. എല്‍ ഐ സി ഓഫീസിന്സമീപത്തു പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടോടി. ഇതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് പോലീസ് ലാത്തി വീശിയത്. തുടര്‍ന്ന് മാര്‍ച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം വി രതീഷ്, സുഭാഷ് പാടി, സാദിഖ് ചെറുഗോളി, എന്‍ ഗിരീഷ് സംസാരിച്ചു. ബേഡകം തലേക്കുണ്ടിലെ മുഹമ്മദ് ഇയാസ് (9) ഇന്നലെയാണ് ശസ്ത്രക്രിയയ്ക്കിടയില്‍ ജനറല്‍ ആശു പത്രിയില്‍ മരിച്ചത്. ശസ്ത്രക്രിയക്കിടയില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി. കുട്ടിയുടെ മരണം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജിലാണ് നടത്തിയത്.ഉദരസംബന്ധമായ അസുഖത്തിന് ഇന്നലെ രാവിലെയാണ് ഇയാസ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചയോടെ മരണം സംഭവിച്ചു. ശസ്ത്രക്രിയക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
9 വയസുകാരന്‍െറ മരണം: ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം